Latest News
Loading...

അങ്കത്തട്ടിൽ സ്ഥാനാർത്ഥികൾ: മാണി സി കാപ്പൻ

ജനനം 1956ല്‍. സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ കോണ്‍ഗ്രസ് എം പിയും പാലാ നഗരസഭ മുന്‍ ചെയര്‍മാനുമായിരുന്ന അന്തരിച്ച ചെറിയാന്‍ ജെ.കാപ്പന്റെ പുത്രന്‍. മാതാവ് ആലപ്പുഴ മലയില്‍ പരേതയായ ത്രേസ്യാമ്മ. 

പ്രാഥമിക വിദ്യാഭ്യാസം പാലാ സെന്റ് മേരീസ് എല്‍ പി സ്‌കൂളില്‍. പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളജ്, ഗവണ്‍മെന്റ് കോളജ് മടപ്പള്ളി എന്നിവിടങ്ങളില്‍ തുടര്‍ വിദ്യാഭ്യാസം നടത്തി.

മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ വോളിബോള്‍ താരമായിരുന്ന മാണി സി. കാപ്പന്‍ നാലു വര്‍ഷം കാലിക്കട്ട് യൂണിവേഴ്‌സിറ്റി ടീമിലൂടെയാണ് കായികരംഗത്ത് വന്നത്. യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. മൂന്നു വര്‍ഷം കേരളാ ടീമിനുവേണ്ടി കളിച്ചു. 1977 കാലഘട്ടത്തില്‍ കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് താരമായിരുന്നു. 1978ല്‍ യു എ ഇലെ അബുദാബി സ്‌പോര്‍ട്ട്‌സ് ക്ലബ്ബിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 82 വരെ വോളിബോളിലെ എക്കാലത്തെയും പ്രമുഖ താരമായിരുന്ന ജിമ്മി ജോര്‍ജ്, അബ്ദുള്‍ ബാസിദ്, സുരേഷ്മിത്ര, ബ്ലസന്‍ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. തിരികെ കേരളത്തില്‍ എത്തി കാര്‍ഷിക രംഗത്ത് സജീവമായി. 

1993ല്‍ മേലേപറമ്പില്‍ ആണ്‍വീട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം നിര്‍മ്മിച്ചുകൊണ്ട് മലയാള സിനിമാരംഗത്ത് സജീവമായി. തുടര്‍ന്നു 12 ഓളം ചിത്രങ്ങളുടെ നിര്‍മ്മാതാവായി. സംവീധായകനായും തിരക്കഥാകൃത്തായും മലയാള സിനിമാരംഗത്ത് ശോഭിച്ചു. മലയാളം,തമിഴ്, തെലുങ്ക്, ആസാമീസ് തുടങ്ങിയ ഭാഷകളിലായി 25ല്‍ പരം ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. 2000 മുതല്‍ 2005 വരെ പാലാ ടൗണ്‍ വാര്‍ഡില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് ദേശീയ വൈസ് ചെയര്‍മാന്‍, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് കമ്മിറ്റി അംഗം, മീനച്ചില്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ സി പി സംസ്ഥാന ട്രഷറര്‍ ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എന്‍ സി പി ദേശീയ പ്രസിഡന്റ് ശരത്പവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാണി സി. കാപ്പന്‍ ജയിച്ച മാണി സി കാപ്പന് സീറ്റു നൽകാതെ തോറ്റ കക്ഷിക്കു സീറ്റ് നൽകിയ നിലപാടിൽ പ്രതിഷേധിച്ചു എൻ സി പി വിട്ടു. ഇപ്പോൾ മാണി സി കാപ്പൻ്റെ നേതൃത്വത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് കേരളാ പാർട്ടി രൂപീകരിച്ചു യു ഡി എഫിൻ്റെ ഭാഗമാണ്. എൻ സി കെ സംസ്ഥാന പ്രസിഡൻ്റാണ്.
ഇപ്പോള്‍ മേഘാലയയില്‍ മഞ്ഞളിന്റെയും കൂവയുടെയും കൃഷിയും അതിന്റെ പ്രോസസിംഗും വിപണനവും നടത്തിവരികയാണ്. 

2006ലും 2011ലും 2016 ലും പാലായില്‍ കെ എം മാണിക്കെതിരെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കെ എം മാണിയുടെ ഭൂരിപക്ഷം 24000 നിന്നും 7759 പിന്നീട് യഥാക്രമം 5259, 4703 എന്ന നിലയിലേക്ക് താഴ്ത്താന്‍ മാണി സി.കാപ്പന് കഴിഞ്ഞു. 2019-ൽ  നടന്ന ഉപതിരഞ്ഞെടുപ്പിൽ 2943 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പാലായിൽ ചരിത്ര വിജയം നേടി.

 ചങ്ങനാശ്ശേരി പാലത്തിങ്കല്‍ കുടുംബാഗമായ ആലീസ് ആണ് ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കള്‍. ഏകപുത്രന്‍ ചെറിയാന്‍ മാണി കാപ്പന്‍ ക്യാനഡയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. ടീന, ദീപ എന്നിവരാണ് മറ്റു മക്കള്‍.