Latest News
Loading...

കൃഷിയുടെ പാഠശാലയായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ : ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം..



കടനാട്: വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്കൂൾ മാനേജരും കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോസഫ് പാനാമ്പുഴ, ഹെഡ്മാസ്റ്റർ അജി വി. ജെ, സാമൂഹ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഫാ. നോബിൾ മാത്യു പോളച്ചിറകുന്നുംപുറം,കാർഷിക ക്ലബ്‌ കോർഡിനേറ്ററും കായികാധ്യാപകനുമായ ജിബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.




സ്കൂൾ പരിസരത്ത് ഒരുക്കിയ കൃഷിയിടത്തിൽ ചേമ്പ്, ചേന, മത്തൻ, കോവൽ, വെള്ളരി,കപ്പ, പയർ, വെണ്ട,തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.വിളവെടുക്കുവാൻ പാകമായ കാർഷിക ഇനങ്ങളും കൃഷിയിടത്തിൽ ഉണ്ട്.കൃഷിപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അധ്യാപക-അനധ്യാപകരും ആവേശത്തോടെ പങ്കാളികളായി. വിത്ത് വിതയ്ക്കൽ, തൈ നടീൽ, പരിപാലനം തുടങ്ങി കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.


കൃഷിയോടുള്ള താൽപര്യം കുട്ടികളിൽ വളർത്തുന്നതിനും വിഷരഹിത ഭക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനുമാണ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്.പഠനത്തിനൊപ്പം കാർഷിക മേഖലയെക്കുറിച്ചുള്ള പ്രായോഗിക അറിവും കുട്ടികൾക്ക് ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസത്തോടൊപ്പം ജീവിതനൈപുണ്യങ്ങളും പരിസ്ഥിതി ബോധവും വളർത്തുന്ന ഈ സംരംഭത്തിലൂടെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ കൃഷിയുടെ പാഠശാലയായി മാറുകയാണ്. കുട്ടികളിൽ അധ്വാനത്തിന്റെ മൂല്യവും സ്വയംപര്യാപ്തതയും വളർത്തുന്ന മാതൃകാപരമായ പ്രവർത്തനമാണ് ഈ ജൈവ പച്ചക്കറി കൃഷി.കഴിഞ്ഞ വർഷവും വിപുലമായ കാർഷികഉദ്യാനം സ്കൂളിൽ ഉണ്ടായിരുന്നു. വിവിധയിനം പച്ചക്കറികളും, സ്കൂൾ മുറ്റത്ത് കൃത്രിമ പാടമൊരുക്കി നെല്ലും കൃഷി ചെയ്തിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments