Latest News
Loading...

ഒത്തുതീർപ്പായെന്ന് നേതൃത്വം. പൂർണ്ണമല്ലെന്ന് കൗൺസിലർമാർ



പാല നഗരസഭയിൽ സ്വതന്ത്ര മുന്നണി കൂട്ടായ്മയുമായി രൂപപ്പെട്ട അസ്വാരസ്യങ്ങൾ പരിഹരിച്ചുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോഴും അതൃപ്തി പ്രകടമാക്കി കോൺഗ്രസ് കൗൺസിലർമാർ. നേതാക്കളുടെ വാർത്താസമ്മേളനത്തിന് പിന്നാലെ പുറത്തുവന്ന പ്രസ്താവനയിൽ വരികൾക്കിടയിൽ ഒളിപ്പിച്ച അനിഷ്ടം വ്യക്തമായിരുന്നു. പാലായിലെ കോൺഗ്രസുകാരുടെ അഭിമാനത്തിനും നീതിക്കും വേണ്ടിയായിരിക്കും ഈ പോരാട്ടം എന്നാണ് പ്രസ്താവന പറഞ്ഞുവെച്ചത്. നേതാക്കളുടെ പ്രതികരണത്തോട് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ബുധനാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുക്കുമെന്ന് ഇവർ വ്യക്തമാക്കി.

ഓട്ടോറിക്ഷ സ്റ്റാൻഡുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷമാണ് നോട്ടീസ് നൽകിയത്. ബിജു മാത്യൂസിന്റെ വാദത്തെ പ്രതിപക്ഷം അനുകൂലിച്ചത് ബിജുവിന് നേട്ടമായി. ഓട്ടോ സ്റ്റാൻഡ് അംഗീകരിക്കാമെന്ന് സ്വതന്ത്ര മുന്നണി അറിയിച്ചിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ പാസാക്കുന്നതോടെ ബിജു മാത്യൂസ് ഉയർത്തിയ നിലപാട് ശരിയാണെന്ന് വ്യക്തമാവുകയും ചെയ്യും. കൗൺസിൽ യോഗത്തിൽ അനുമതി വാങ്ങിയില്ല എന്നൊരു കാരണത്തിൽ മാത്രം ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കണമായിരുന്നോ എന്ന ചോദ്യമാണ് ബിജു ഉയർത്തുന്നത്. 



വിവാദം അന്തിമമായി കോൺഗ്രസിന് നേട്ടമാണ് ഉണ്ടാക്കിയത്. മായാ രാഹുൽ രാജിവെക്കുന്നതോടെ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിന് ലഭിക്കും. ദിയയ്ക്കൊപ്പം പിതാവ് ബിനു പുളിക്കക്കണ്ടം കൂടി അധികാരസ്ഥാനത്ത് എത്തുന്നതിന് തടയിടാൻ ഇതിലൂടെ കഴിഞ്ഞു. ബിനുവിനൊപ്പം യോജിച്ചു പോകാൻ ആകില്ലെന്ന കോൺഗ്രസ് നിലപാടിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. രാജിവയ്ക്കാനോ പ്രതിപക്ഷത്തിരിക്കാനോ വരെ തയ്യാറാണെന്ന ശക്തമായ കടുംപിടുത്തമാണ് കോൺഗ്രസ് കൗൺസിലർമാർ സ്വീകരിച്ചത്. 


പ്രതിപക്ഷത്തോട് ബിനു സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെയും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എംഎൽഎയ്ക്ക് സ്വീകരണം ഒരുക്കിയപ്പോൾ പ്രതിപക്ഷത്തെ അറിയിച്ചില്ല. തൂക്കുപാലം വിഷയം കൗൺസിലിൽ അവതരിപ്പിച്ചപ്പോഴും പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകിയില്ല. ബിനുവിനൊപ്പം ഭരണപക്ഷത്തിരിക്കുന്നതിലും എളുപ്പം പ്രതിപക്ഷത്തിരിക്കുന്നതാണെന്നാണ് ചില കൗൺസിലർമാരുടെ അടക്കം പറച്ചിൽ. ബിനുവിൻ്റെ ഇത്തരം നിലപാടുകൾക്ക് മാറ്റം ഉണ്ടായില്ലെങ്കിൽ മുന്നോട്ടുപോക്ക് ബുദ്ധിമുട്ടായിരിക്കും എന്നാണ് കൗൺസിലർമാർ പറയുന്നത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments