Latest News
Loading...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍.



നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ വോട്ടെടുപ്പിലായിരുന്നു തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 101 വോട്ടും എല്‍ഡിഎഫില്‍നിന്നുള്ള എ.സി.മൊയ്തീന് 35 വോട്ടും എന്‍ഡിഎയില്‍നിന്നുള്ള ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു. നടപടികള്‍ നിയന്ത്രിച്ച പ്രോടെം സ്പീക്കര്‍ ജി.സുധാകരന്‍ വോട്ട് ചെയ്തില്ല. 138 വര്‍ഷത്തെ പാരമ്പര്യമുള്ള നിയമസഭയില്‍ 25ാമത്തെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. 


പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണായകമായ ചുമതലയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നതെന്നും അതില്‍ നൂറു ശതമാനം സംതൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തി നിയമസഭയെ വേണ്ടവിധം വിനിയോഗിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ്. ഭരണപക്ഷത്തുനിന്നു ഷാനിമോള്‍ ഉസ്മാനാണു സ്ഥാനാര്‍ഥി. എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.




സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിനന്ദിച്ച് സംസാരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭാ പ്രവര്‍ത്തന ചരിത്രം ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ അനുമോദന പ്രസംഗം. സുദീര്‍ഘമായ പ്രവര്‍ത്തന പരിചയമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുമോദന പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച അനുഭവ പരിചയവും വൈവിധ്യമാര്‍ന്ന അനുഭവ പശ്ചാത്തലമുണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ പരിരക്ഷിക്കും വിധം ആകട്ടെ പ്രവര്‍ത്തനമെന്നും അങ്ങനെ ഉണ്ടാകും എന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments