Latest News
Loading...

കളരിയാംമാക്കല്‍ പാലം അപ്രോച്ച് റോഡിനായി ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം



മീനച്ചിലാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലാ കളരിയാംമാക്കല്‍ പാലത്തിന് സമീപന പാതയ്ക്കായി ഭൂമി ഏറ്റെടുക്കലിന് ജില്ലാ കളക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാലാണ് വിജ്ഞാപനം പരസ്യപ്പെടുത്തുവാന്‍ വൈകിയത്. മീനച്ചിലാറിന്റെ മറുകരയിലെ പൂവരണി വില്ലേജില്‍ ഉള്‍പ്പെട്ട ആറ് വ്യക്തികളില്‍ നിന്നായി 32.19 ആര്‍ സ്ഥലമാണ് ഏറ്റെടുക്കുക. മെയ് 12നാണ് നം. ഡി.സി.കെ.ടി.എം / 518/2021-ജി 1 നമ്പരായി 11(1) പ്രാഥമിക വിജ്ഞാപനം ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.പാലാ എല്‍.എ (ജനറല്‍) സ്‌പെഷ്യല്‍ തഹസില്‍ദാരെ ഇതിലേക്കായി ചുമതലപ്പെടുത്തി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.



പാലാ റിംങ് റോഡ് രണ്ടാം ഘട്ടത്തിന്റെ അലൈന്‍മെന്റിലുള്ള പാത യായാണ് നിര്‍മ്മാണം ഉണ്ടാവുക. ഭൂഉടമകള്‍ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ ഭൂമി ഏറ്റെടുക്കലിനായുള്ള തുടര്‍ നടപടികളും വേഗത്തിലാകും. ഒന്നാം ഘട്ടറിംങ് റോഡ് നിര്‍മ്മാണത്തിനു ശേഷം അവശേഷിച്ചിരുന്ന 13.39 കോടി രൂപ 2020-ല്‍ തന്നെ സമീപന പാതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. സാമൂഹ്യ ആഘാത പഠനത്തിന് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് കളമശേരി എന്ന ഏജന്‍സിയെ നിയമിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 



അതേസമയം, എല്ലാ കാലത്തും വിവാദമായ പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തിലും കാപ്പന്‍-ജോസ് കെ മാണി പക്ഷം രംഗത്തുവന്നുകഴിഞ്ഞു. കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ജോസ് കെ മാണിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്ററുകളും വാര്‍ത്തകളും പ്രചരിപ്പിക്കുമ്പോള്‍ ഇതിനെതിരെ കാപ്പന്‍-യുഡിഎഫ് പ്രവര്‍ത്തകരും രംഗത്തുണ്ട്.



 ജോസ് കെ മാണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേരള കോണ്‍ഗ്രസ് എം വിഭാഗം പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും പാഠം പഠിക്കുന്നില്ലെന്നും ആരാന്റെ നേട്ടം സ്വന്തമാക്കാനാണ് മറുഭാഗം ശ്രമിക്കുന്നതെന്നും യുഡിഎഫ് പ്രവര്‍ത്തകരും പറയുന്നു. ആര് കൊണ്ടുവന്നാലും പാലം പണി പൂര്‍ത്തിയായാല്‍ മതിയെന്നാണ് ജനങ്ങളുടെ നിലപാടും.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments