Latest News
Loading...

പ്രതിഷേധവുമായി CYML പ്രവര്‍ത്തകര്‍



പാലായില്‍ CYM L ന്റെ  ഓഫീസ് കെട്ടിടം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധവുമായി CYML പ്രവര്‍ത്തകര്‍. വൈകിട്ട് ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ കത്തിച്ച മെഴുക് തിരികളുമായി പാലാ നഗരത്തില്‍  പ്രതിഷേധ പ്രകടനം നടത്തി.  തകര്‍ന്ന കെട്ടിടത്തിനു മുന്നില്‍ നിന്നും ആരംഭിച്ച  പ്രതിഷേധ പ്രകടനം ളാലം പാലം ജംഗ്ഷന്‍ ചുറ്റി കുരിശുപള്ളിക്കു മുന്നില്‍ സമാപിച്ചു. സംഭവത്തില്‍ സമീപത്തെ ഒരു സ്ഥാപനത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വിവരം. 

പാലാ കത്തീഡ്രൽ പള്ളിയുമായി തർക്കം നിലനിൽക്കെ ദുരൂഹ സാഹചര്യത്തിലാണ് സംഘടനയുടെ ആസ്ഥാന കെട്ടിടം തകർക്കപ്പെട്ടതെന്ന് ആരോപണമുണ്ട്. കിഴക്കേക്കര വീട്ടുകാരുടെ കുടികിടപ്പ് സ്ഥലത്താണ് ആദ്യകാലത്ത് കെട്ടിടമെന്നു സംഘടനയും കത്തീഡ്രൽ പള്ളിവക സ്ഥലത്താണ് കെട്ടിടമെന്നു പള്ളി അധികൃതരും അവകാശം ഉന്നയിച്ചിരുന്നു. കെട്ടിട ഒഴിഞ്ഞു കൊടുക്കണമെന്ന് പള്ളി അധികൃതരും ആവശ്യപ്പെട്ടിരുന്നു. 

ഒരാഴ്ച മുമ്പ് പഴയ കെട്ടിടത്തിന് രണ്ടാം നിലയുടെ തട്ടിന് ബലക്ഷയം വന്നതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്താൻ സംഘടനാ അംഗങ്ങൾ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പള്ളി അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും നിർമ്മാണങ്ങൾ നിർത്തി വെപ്പിക്കുകയും ചെയ്തു. തുടർന്ന് തർക്കം രൂപപ്പെട്ടതോടെ കാര്യങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി. തർക്കം അവസാനിക്കുന്നതുവരെ തൽസ്ഥിതി തുടരണമെന്ന് കരാർ ഉണ്ടായിരുന്നതായും അംഗങ്ങൾ ആരോപിക്കുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി കെട്ടിടം തകർക്കപ്പെട്ടത്. 



CYM L നേതാക്കളായ സതീഷ് മണര്‍കാട്, സോണി വലിയ കാപ്പില്‍, ജോണി ജോസഫ് പന്തപ്ലാക്കല്‍ , റെജി ജോര്‍ജ് പുളിക്കല്‍  സജി അഗസ്റ്റ്യന്‍ പുളിക്കല്‍,  സന്തോഷ് മണര്‍കാട്, സിബി കുറ്റിയാങ്കല്‍, അനൂപ് ടെന്‍സണ്‍ വലിയ കാപ്പില്‍, അജി തോമസ്, സാജന്‍ മാത്യു, ലിജോ ജോയി ഷാജിമാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സംഘടനാ പ്രസിഡൻറ് സതീഷ് മണർകാട്ടിന്റെ നേതൃത്വത്തിൽ അംഗങ്ങൾ പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. തിങ്കളാഴ്ച രാത്രിയും അംഗങ്ങൾ ഇവിടെ സമ്മേളിച്ചിരുന്നതാണ്. വിലപ്പെട്ട രേഖകളും പണവും ഉൾപ്പെടെ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു. സമയപ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും ഇത് ചേർത്ത് വിശദമായ പരാതി നൽകുമെന്നും ക്ലബ്ബ് അംഗങ്ങൾ അറിയിച്ചു. 

രാത്രിയിൽ സമീപത്തുകൂടി കടന്നു പോയ ജെസിബി കേന്ദ്രീകരിച്ച് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. 90-ഓളം അംഗങ്ങളുള്ള സംഘടനയാണ് സി.വൈ.എം.എൽ. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments