ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടില്ലെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. ഈരാറ്റുപേട്ട വടക്കേക്കരയില്‍ പോലീസ് സ്റ്റേഷന്‍ ഭാഗത്ത് 50 സെന്റ് റവന്യൂ ഭൂമി ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും അവിടെ നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം എന്ന് റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുമുണ്ട്. കൂടാതെ നിര്‍ദിഷ്ട സ്ഥലത്തുനിന്ന 36 വൃക്ഷങ്ങള്‍ കെട്ടിടം നിര്‍മ്മാണത്തിന് മുന്നോടിയായി നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് മരം മുറിച്ചുമാറ്റി സ്ഥലം സജ്ജമാക്കിയിട്ടുമുണ്ട്.
മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളിലും മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വേണ്ടി എന്ന് കാണിച്ചാണ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളത്. മിനി സിവില്‍ സ്റ്റേഷന് സ്ഥലം ലഭ്യത സംബന്ധമായി ബഹു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കൈക്കൊണ്ട തീരുമാനം അന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളതുമാണ്. ഇതിനു വിരുദ്ധമായ എല്ലാ പ്രചാരണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം എന്‍ജിനീയറുടെ ഓഫീസില്‍ സ്ട്രക്ച്ചറല്‍ ഡിസൈന്‍ അന്തിമമാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇത് 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് നല്‍കുമെന്നാണ് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുള്ളത്.
സ്ട്രക്ച്ചറല്‍ ഡിസൈന്‍ ലഭിച്ചു കഴിഞ്ഞാല്‍ എസ്റ്റിമേറ്റ് അന്തിമമാക്കി സാങ്കേതിക അനുമതി നേടി ടെന്‍ഡര്‍ പുറപ്പെടുവിക്കാന്‍ കഴിയും. പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനും കഴിയും. ഇക്കാര്യങ്ങളെല്ലാം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരത്തുന്നതും അടിസ്ഥാനരഹിതവുമായ എല്ലാ വാര്‍ത്തകളും തികച്ചും തെറ്റാണെന്ന് അറിയിക്കുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments