മുത്തോലി ഗ്രാമപഞ്ചത്തിലെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കുമെതിരെ LDF മുത്തോലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കഴിഞ്ഞ 5 വർഷം കൊണ്ട് സർക്കാരിൽ നിന്നും പ്ലാൻ ഫണ്ടായി ലഭിച്ച 7. 3 കോടി രൂപയാണ് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് ഭരണ സമിതി ചിലവഴിക്കാതെ നഷ്ടപ്പെടുത്തിയത്. പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ആകെയും താറുമാറായി കിടക്കുമ്പോഴാണ് ഇത്തരത്തിൽ സർക്കാർ നൽകിയ പണം നഷ്ടപ്പെടുത്തിക്കളഞ്ഞത്. ജൽജീവൻ മിഷൻ വഴി ലഭിച്ച 15 കോടിയിൽ പരം രൂപയിൽ 3.5 കോടി മാത്രമേ ചിലവഴിച്ചിട്ടുള്ളൂ എന്ന് ഭരണ സമിതി അവകാശപ്പെടുന്നത്. അതിനർത്ഥം 12 കോടിയോളം രൂപ ചിലവഴിച്ചിട്ടില്ല എന്ന് അവർ തന്നെ സമ്മതിക്കുന്നു.
ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ലൈഫ് ഭവന പദ്ധതിയോട് പുറം തിരിഞ്ഞു നിൽക്കുകയും അർഹതപ്പെട്ട ആളുകൾക്ക് വീട് ലഭിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ഈ ഭരണ സമിതി തീരുമാനിച്ചത്. കഴിഞ്ഞ 5 വർഷം കൊണ്ട് ആകെ 52 വീടുകൾ മാത്രമാണ് ലൈഫിലൂടെ ഈ പഞ്ചായത്തിൽ നൽകിയത്. പകരം നടപ്പിലാക്കുമെന്ന് അവകാശപ്പെട്ട PMAY പദ്ധതിയിലാവട്ടെ വെറും 4 വീടുകളും. ഈ നാട്ടിലെ ജനങ്ങളുടെ കൈകളിലെത്തേണ്ട ഇത്രയേറെ പണം നഷ്ടപ്പെടുത്തിയ ഈ ഭരണ സമിതി അവകാശപ്പെടുന്നത് 4.5 കോടി രൂപ ബാങ്കിൽ ഇട്ടിട്ടുണ്ട് എന്നാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി ആയി മാത്രമേ കാണുവാൻ കഴിയൂ. DPC അംഗീകാരം കിട്ടില്ല എന്ന് അറിയാമായിരുന്നിട്ടു കൂടി പാവപ്പെട്ട ആശാ വർക്കർമാരെ പറ്റിക്കുവാനായി 7000 രൂപ പ്രതിമാസം ഹോണറേറിയം ബഡ്ജറ്റിൽ പ്രഖ്യാപിച്ചു എങ്കിലും ഒരു രൂപ പോലും അവർക്ക് നൽകിയിട്ടില്ല.
ഭരണ നിർവഹണ രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്ന മുത്തോലി ഗ്രാമപഞ്ചായത്തിനെ ജില്ലയിൽ തന്നെ 69 ആം സ്ഥാനത്തെത്തിച്ച ബിജെപി പഞ്ചായത്ത് ഭരണ സമിതി, സ്വന്തമായി ഒരു ഭരണ നേട്ടവും അവകാശപ്പെടാനില്ലാത്തതിനാലാവാം സർക്കാർ നിഷ്കർഷിച്ചിട്ടും മുത്തോലി പഞ്ചായത്തിൽ വികസന സദസ്സ് നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചത്. മുത്തോലി പഞ്ചായത്ത് ഭരണ സമിതിയുടെ വികസന വിരുദ്ധതയും കെടുകാര്യസ്ഥതയും തുറന്നു കാണിച്ചുകൊണ്ട് സംഘടിപ്പിച്ച വികസന സദസ്സിൽ LDF പഞ്ചായത്ത് കൺവീനവർ ജോയി കൊമ്പനാൽ അധ്യക്ഷനായി.
സിപിഐ(എം) ലോക്കൽ സെക്രട്ടറി കെ എസ് പ്രദീപ്‌കുമാർ സ്വാഗതം ആശംസിച്ചു. LDF ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു സദസ്സ് ഉത്ഘാടനം ചെയ്തു. സിപിഐ(എം) ഏരിയ സെക്രട്ടറി സജേഷ് ശശി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം പി ആർ തങ്കച്ചൻ, കേരള കോൺഗ്രസ് (എം ) മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി ചേന്നാട്ട്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ചന്ദ്രൻ, എന്നിവർ സംസാരിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റൂബി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം അനിലാ മാത്തുകുട്ടി, പഞ്ചായത്തംഗങ്ങളായ ജിജി ജേക്കബ്, ഇമ്മാനുവേൽ പനക്കൽ, ടോമി കെഴുവന്താനം എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments