തീക്കോയി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞവർഷം നടത്തിയ കേരളോത്സവത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ ഒരു വർഷമായിട്ടും നൽകിയില്ലെന്ന് ആക്ഷേപം ഉയരുന്നു. കലാകായിക മത്സരങ്ങളിൽ വിജയികളായ ഒരാൾക്ക് പോലും സർട്ടിഫിക്കറ്റുകളോ മെഡലുകളോ നൽകിയില്ല. കഴിഞ്ഞ നവംബർ ഡിസംബർ മാസങ്ങളിൽ ആയി നടന്ന മത്സരവിജികൾക്കാണ് ഒരു വർഷം പിന്നിടുമ്പോഴും സമ്മാനം നൽകാതെ പഞ്ചായത്ത് ഉദാസീന നടപടി സ്വീകരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ യുവജനങ്ങളുടെ കലാകായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് വർഷംതോറും കേരളോത്സവം നടക്കുന്നത്. യുവജനക്ഷേമ ബോർഡിൽ നിന്നും ഇതിനായി പതിനായിരം രൂപ വീതം നൽകും. മത്സരങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും ഈ തുക വിനിയോഗിക്കാം. മതിയാകാതെ വരുന്ന തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കാനും തടസ്സമില്ല. ഓരോ തദ്ദേശസ്ഥാപനങ്ങൾക്കും പതിനായിരം രൂപ കൃത്യമായി നൽകാറുണ്ട്. എന്നാൽ തീക്കോയി പഞ്ചായത്തിൽ ഈ തുക പോലും വിനിയോഗിച്ചില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
ക്രിക്കറ്റ് ഫുട്ബോൾ ബാഡ്മിൻറൺ തുടങ്ങി ഗ്രൂപ്പിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരുടെ എണ്ണം തന്നെ മുപ്പതിൽ അധികം വരും. മറ്റു മത്സരങ്ങൾ കൂടി പരിഗണിക്കുമ്പോൾ അമ്പതോളം പേർക്കാണ് സമ്മാനങ്ങൾ നൽകേണ്ടത്. പഞ്ചായത്ത് തലത്തിലെ മത്സരങ്ങൾ വിജയിച്ച് ബ്ലോക്ക് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ബ്ലോക്ക് പഞ്ചായത്ത് സമ്മാനങ്ങൾ നൽകിയിരുന്നു. എന്നാൽ ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കുന്നതിന് യോഗ്യത നേടിയ പഞ്ചായത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകാത്തതിൽ വ്യാപക പരാതികൾ ഉയരുകയാണ്.
ഒരു പഞ്ചായത്തിൽ ഒരു പൊതു കളിക്കളം എന്ന സർക്കാരിൻ്റെ നയവും ഇവിടെ നടപ്പായിട്ടില്ല. പൊതു ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തിയിട്ടില്ല. കേരളോത്സവ മത്സരങ്ങൾ മറ്റു സ്വകാര്യ ഗ്രൗണ്ടിലാണ് നടത്തിയത്. സമീപ പഞ്ചായത്തുകളിൽ മത്സരങ്ങൾ നടത്തി ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി മാസങ്ങൾ പിന്നിട്ടിട്ടും തീക്കോയി പഞ്ചായത്തിൽ ഇത് നൽകാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെ അടുത്ത കേരളോത്സവത്തിന് ഉള്ള സംഘാടകസമിതി രൂപീകരണനടപടികളും ആരംഭിച്ചു കഴിഞ്ഞു.
അതേസമയം കഴിഞ്ഞവർഷം മത്സരങ്ങളിൽ പ്രാതിനിധ്യം കുറവായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ .സി ജെയിംസ് പറഞ്ഞു. കേരളോത്സവത്തിന് സംഘാടനത്തിനായി മൂന്നു മെമ്പർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആർക്കെങ്കിലും സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തത് ഉണ്ടെങ്കിൽ ഇത്തവണത്തെ കേരളോത്സവ വിജയികൾക്ക് ഒപ്പം നൽകുമെന്നും പ്രസിഡണ്ട് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments