ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്‌ളാക്കല്‍ അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ നിര്‍മിച്ച വയോജന സൗഹൃദ ഓപ്പണ്‍ ജിം നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ജോസ് കെ മാണി എം.പി ജിമ്മിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പദ്ധതി വിശദീകരണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജേസി ജോര്‍ജ്, പഞ്ചായത്ത് മെമ്പര്‍ ബിജു കുമ്പളംന്താനം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പാല - പൊന്‍കുന്നം റോഡില്‍ പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി .റോഡ് സൈഡില്‍ നിര്‍മ്മിച്ചിരിക്കുന്ന ജിം ചെറുപ്പക്കാര്‍ക്കും , പ്രായമായവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയും. ഒരേസമയം പത്ത് പേര്‍ക്ക് വ്യായാമം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ എട്ട് ഉപകരണങ്ങളാണ് ജിമ്മില്‍ ക്രമീകരിച്ചിരിക്കുന്നത്. ഫിറ്റ്‌നസ് റൈഡര്‍, എയര്‍ വാള്‍ക്കര്‍, റോവര്‍ മെഷീന്‍, ഡബിള്‍ ടിസ്റ്റര്‍, അബ്‌ഡോമിനല്‍ ബോര്‍ഡ്, സീറ്റഡ് ചെസ്റ്റ് പ്രസ്സ്, സീറ്റഡ് ലെഗ് പ്രസ്സ്, ആം ആന്‍ഡ് ഷോള്‍ഡര്‍ വീല്‍, സിഗിള്‍ സ്‌ക്വയര്‍, ഇവയാണ് ജിമ്മില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങള്‍.
യുവജനങ്ങളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍ പഞ്ചായത്തിലെ തന്നെ വിളക്കും മരുതില്‍ ഇന്‍ഡോര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് നേരത്തെ നിര്‍മ്മിച്ചിരുന്നു. രാത്രികാലങ്ങളിലും ഉപയോഗിക്കുന്നതിനായി ജിമ്മിന് സമീപം ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും, വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് വനിതാ ഫിറ്റ്‌നസ് സെന്റര്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കു മെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments