മേലുകാവ് : 42 വയസ്സ് പിന്നിട്ട് സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക.
മഹായിടവകയുടെ 43-ാം വാർഷിക ദിനാഘോഷങ്ങൾ നാളെ നടക്കും. മഹായിടവകയിലെ എല്ലാ ദൈവാലയങ്ങളിലും രാവിലെ 7 ന് കൊടിയേറ്റും സ്തോത്ര പ്രാർത്ഥനകളും ആരാധനകളും നടത്തപ്പെടും . മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലിൽ ബിഷപ് റൈറ്റ് റവ. വി .എസ് . ഫ്രാൻസിസ് ആരാധനയ്ക്ക് നേതൃത്വം നൽകും.
66 ഇടവകകൾ ഉൾപ്പടെ 168 പള്ളികളും 50,000 ജനങ്ങളും ഉള്ള ഈസ്റ്റ് കേരള മഹായിടവക കോട്ടയം, ഇടുക്കി, എറണാകുളം റവന്യൂ ജില്ലകളിലായി പരന്നുകിടക്കുന്നു.
1966 , 1971 എന്നീ വർഷങ്ങളിലെ മധ്യകേരള മഹായിടവക കൗൺസിലിൽ പി.എ.എബ്രഹാം, എ.സി. വർക്കി, വി.എച്ച് ഹെസക്കിയേൽ എന്നിവർ അവതരിപ്പിച്ച പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് കേരള മഹായിടവക രൂപീകരിക്കുന്നതിനുളള നടപടികൾ ആരംഭിച്ചത്.
റവ. കെ. മൈക്കിൾ ജോൺ, റവ. പി.ഡി. ജോൺ എന്നിവർ പുതിയ മഹായിടവക രൂപികരണത്തിന് ശക്തമായ നേതൃത്വം നല്കി. 1982-ൽ നടന്ന സി.എസ്.ഐ. സിനഡിൽ അന്നത്തെ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. ഐ. യേശുദാസൻ പുതിയ മഹായിടവക പ്രഖ്യാപിച്ചു. 1983 ഏപ്രിൽ 3ന് മോഡറേറ്റർ കമ്മിസറി ആയിരുന്ന മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ.എം.സി. മാണി, മേലുകാവ് ക്രൈസ്റ്റ് ഇടവക , ഈസ്റ്റ് കേരള മഹായിടവകയുടെ ഭദ്രാസന ദൈവാലയമായി ഉയർത്തി.
മേലുകാവുമറ്റത്ത് അന്നു തന്നെ ഈസ്റ്റ് കേരള മഹായിടവക ഓഫിസ് ഉദ്ഘാടനം ചെയ്തു. പ്രഥമ ട്രഷറർ ആയി റവ. കെ. മൈക്കിൾ ജോൺ നിയമിതനായി. 1985 ജനുവരി 5-ന് റവ. കെ. മൈക്കിൾ ജോൺ ഈസ്റ്റ് കേരള മഹായിടവകയുടെ പ്രഥമ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു. മോസ്റ്റ് റവ. ഡോ. കെ.ജെ. സാമുവൽ, റൈറ്റ് റവ.ഡോ. കെ.ജി ദാനിയേൽ എന്നിവർ തുടർന്ന് ബിഷപ്പുമാരായി.
ഇപ്പോൾ റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് മഹായിടവക ബിഷപ്പായി നേതൃത്വം നല്കുന്നെന്ന് മഹായിടവക അത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ് പി., വൈദീക സെക്രട്ടറി റവ. റ്റി.ജെ. ബിജോയ്, ട്രെഷറാർ റവ. പി.സി. മാത്യൂക്കുട്ടി, രെജിസ്ട്രാർ ടി. ജോയ്കുമാർ, പാസ്റ്ററൽ ബോർഡ് സെക്രട്ടറിയും കത്തീഡ്രൽ വികാരിയുമായ റവ. ജോസഫ് മാത്യൂ എന്നിവർ അറിയിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments