പാലാ നഗരസഭയില്‍ ചെയര്‍മാന്‍ ഷാജു തുരുത്തനെതിരായ അവിശ്വാസം വെളളിയാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെ, ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നു. അവിശ്വാസത്തിന് മുന്‍പ് രാജിവയ്ക്കില്ല എന്ന് ഷാജു തുരുത്തന്‍ നിലപാടെടുത്തിരുന്നു. സമ്മര്‍ദ്ദത്തിലൂടെ ഷാജുവിന്റെ രാജി വാങ്ങാനുള്ള പാര്‍ട്ടിയുടെ അവസാന ദിവസമാണ് ഇന്ന്. അവിശ്വാസത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരക്കഥളും നീക്കങ്ങളും സജീവമാണ്. അതിനിടെ, ഷാജു തുരുത്തന്‍ ആശുപത്രിയിലാണെന്ന് സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് രാവിലെ കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടിയിരുന്നു. ഷാജു ഇതില്‍ പങ്കെടുത്തില്ല. പാര്‍ട്ടി ചെയര്‍മാനടക്കം ഇടപെട്ടിട്ടും ഷാജു രാജിയ്ക്ക് വഴങ്ങാത്തത് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. തന്നെ ചിലര്‍ ചതിച്ചു എന്നതടക്കം ഷാജുവിന്റെ ചില പ്രസ്താവനകളും ക്ഷീണമായി. അവിശ്വാസത്തിന് മുന്‍പ് രാജി ഒളിച്ചോട്ടത്തിന് തുല്യമാകുമെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി അവിശ്വാസത്തെ തോല്‍പിച്ചശേഷം രാജി ആകാമെന്നുമാണ് ഷാജുവിന്റെ നിലപാട്.
അവിശ്വാസം പരാജയപ്പെട്ട ശേഷം ഷാജു രാജിയ്ക്ക് തയാറായില്ലെങ്കില്‍ മറ്റൊരു അവിശ്വാസത്തിന് സമയമില്ല എന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിനെ കുഴയ്ക്കുന്നത്. എന്നാല്‍ അവിശ്വാസത്തെ പിന്തുണയ്ക്കാനും ആകില്ല. എന്ത് നിലപാട് എടുക്കണമെന്നത് സംബന്ധിച്ച് കേരള കോണ്‍ ഗ്രസ് (എം) ല്‍ ആലോചന ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയും മന്ത്രി റോഷി അഗസ്റ്റിനും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഷാജു രാജി സന്നദ്ധത അറിയിച്ചിട്ടില്ല.
26 അംഗ പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് (എം) 10, സി പിഎം 6, സിപിഐ 1 എന്നിങ്ങനെ 17 അംഗങ്ങളാണ്. ഭരണപക്ഷത്ത്. എന്നാല്‍ സിപിഎം പുറത്താക്കിയ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടവും ബിനുവിനൊപ്പം സി പിഎം സ്വതന്ത്ര അംഗം ഷീബ ജിയോയും ഇപ്പോള്‍ ഭരണപക്ഷത്തിനൊപ്പമില്ല. എന്നാല്‍ ഇന്നലെ നടന്ന നഗര സഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇവര്‍ എല്‍ ഡിഎഫ് അംഗത്തിന് തന്നെയാണ് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് 5, കേരള കോണ്‍ഗ്രസ് 1, സ്വതന്ത്രന്‍ 1 എന്നിങ്ങ നെ 9 അംഗങ്ങളാണ് യു ഡിഎഫ് പക്ഷത്തുള്ളത്.
ഈ കൗണ്‍സിലിന്റെ ആദ്യ 2 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) അംഗം ആന്റോ പടിഞ്ഞാറേക്കരയും പിന്നീട് ഒരു വര്‍ഷം സിപിഎമ്മിലെ ജോസിന്‍ ബിനോയുമാണ് നഗരസഭാധ്യക്ഷരായത്. അവാസാനത്തെ ഒരു വര്‍ഷം തോമസ് പീറ്ററിന് നല്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments