Latest News
Loading...

രാത്രിയുടെ മറവിൽ ശുചി മുറി മാലിന്യം കൊച്ചിടപ്പാടിയിൽ തള്ളി സാമൂഹ്യ വിരുദ്ധർ

പാലാ ഈരാറ്റുപേട്ട റോഡിൽ കൊച്ചിടപ്പാടി ഐ എം എ ജംഗ്ഷൻ ഭാഗത്ത് ഇക്കഴിഞ്ഞ രാത്രി സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചതായി പരാതി. പ്രദേശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിർ ഭാഗത്തുള്ള കലുങ്കിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയിരിക്കുന്നത്.

പ്രദേശത്തെ ഓടയിലൂടെ ഒഴുകുന്ന വെള്ളം മീനച്ചിലാറ്റിലാണ് എത്തിച്ചേരുന്നത്. ചുരുക്കത്തിൽ സാമുഹൃവിരുദ്ധർ നിക്ഷേപിച്ച മാലിന്യത്തിൻ്റെ ഒരു പങ്ക് മീനച്ചിലാറ്റിൽ എത്തിച്ചേരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

 ഒട്ടനവധി കുടിവെള്ള പദ്ധതികളുടെ കിണറുകൾ സ്ഥിതി ചെയ്യുന്നതിന് മുകൾ ഭാഗത്തായാണ് നിലവിൽ മാലിന്യം തള്ളിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയതിനോട് ചേർന്ന ഭാഗത്താണ് നിലവിൽ കൊച്ചിടപ്പാടി അംഗൻവാടി സ്ഥിതി ചെയ്യുന്നത്.

വിവരം അറിഞ്ഞ ഉടൻ തന്നെ വാർഡ് കൗൺസിലർ സിജി ടോണി തോട്ടത്തിൽ നഗരസഭ ചെയർമാനെയും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനെയും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു.

നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റിപ്പോർട്ട് തയ്യാറാക്കി.പ്രദേശത്ത് വാട്ടർ സർവ്വീസ് ഉൾപ്പെടെ നടത്തുകയും അണുവിമുക്തമാക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡറുകൾ ഇടുകയും ചെയ്തു.

 വിഷയം ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ ഉന്നയിച്ചു. ഭരണ പ്രതിപക്ഷാംഗങ്ങൾ സംഭവത്തെ അപലപിച്ചു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഇന്നലെ തന്നെ പാലാ പോലീസിൽ പരാതി നൽകിയതായി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ കൗൺസിൽ യോഗത്തിൽ അറിയിച്ചു.

 ഇതുമായി ബന്ധപ്പെട്ട് പോലീസ് അധികാരികളുമായി ചേർന്ന് സമീപ പ്രദേശത്തെ സി സി ടി വി ക്യാമറകൾ പരിശോധിക്കുമെന്നും തൻ്റെ വാർഡിൽ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്താൻ സഹായകരമായ തെളിവുകൾ നൽകുന്നവർക്ക് അയ്യായിരം രൂപ പാരിതോഷികം നൽകുമെന്നും വാർഡ് കൗൺസിലർ സിജി ടോണി തോട്ടത്തിൽ പറഞ്ഞു.

ജനവാസ കേന്ദ്രത്തിൽ മൂന്നാനി പള്ളിയോട് ചേർന്ന പ്രദേശത്ത് മാലിന്യം തള്ളിയ സംഭവത്തിൽ കൊച്ചിടപ്പാടി പൗരാവലിയും എ കെ സി സി മൂന്നാനി പള്ളി യൂണിറ്റും മീനച്ചിലാർ സംരക്ഷണ സമിതിയും ശക്തമായി പ്രതിക്ഷേധിച്ചു.

.കുറ്റവാളികളെ കണ്ടെത്തണം - മാണി സി കാപ്പൻ എം എൽ എ 

ശുചിമുറി മാലിന്യം ജനവാസ കേന്ദ്രത്തിൽ നിക്ഷേപിച്ചവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പാലായുടെ പല ഭാഗങ്ങളിലും രാത്രിയുടെ മറവിൽ ശുചി മുറി മാലിന്യം നിക്ഷേപിക്കുന്നത് തുടർക്കഥയാവുകയാണ്. ഇക്കാര്യത്തിൽ പോലീസും അതോടൊപ്പം നഗരഭരണാധികാരികളും ഉണർന്ന് പ്രവർത്തിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments