Latest News
Loading...

എ.ഐ. ക്യാമറകൾ സെപ്റ്റംബർ മുതൽ പ്രവർത്തിച്ചു തുടങ്ങും

ട്രാഫിക് നിയമ ലംഘനങ്ങൾ പിടികൂടാനുള്ള പുതിയ എ.ഐ. ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമായി തുടങ്ങി. സെപ്റ്റംബറോടെ ഇവയുടെ പ്രവർത്തനം പൂർണതോതിൽ എത്തുമെന്നാണ് വിലയിരുത്തൽ. 225 കോടി മുടക്കി 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നൽ ലംഘനം, അനധികൃത പാർക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ചത്.



പാതയോരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ പാർക്കിങ് ലംഘനങ്ങൾ കണ്ടെത്താനായി 25 ക്യാമറകളും ട്രാഫിക് സിഗ്നൽ ലംഘനം കണ്ടെത്താൻ 18 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെയാണ് ട്രാഫിക് ക്യാമറകൾ കൂടുതൽ സ്ഥാപിച്ചിരിക്കുന്ന ജില്ലകൾ. മിക്ക ജില്ലകളിലും നാൽപതിലധികം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയ- സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് സ്ഥലങ്ങളിലും ഇത്തരം ക്യാമറകളുണ്ട്.

നിയമലംഘനം കണ്ടെത്തിയാൽ രണ്ടാം ദിവസം വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജായും പിന്നാലെ തപാൽ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തുന്ന രീതിയാണ് പിന്തുടരുക. അതേസമയം അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടിക്കാൻ പുതിയ ക്യാമറകളിൽ സാധിക്കില്ല. അതിനാൽ തന്നെ നിലവിലെ ട്രാഫിക് ക്യാമറകൾ തുടർന്നും ഉപയോഗിക്കും.

ഹെൽമെറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹനയാത്ര, സീറ്റ്ബെൽറ്റ് ധരിക്കാതെയുള്ള കാറുകളിലെ യാത്ര, അനുവദനീയമായതിലും കൂടുതൽ ആളുകളെ വാഹനത്തിൽ കയറ്റി യാത്ര ചെയ്യുന്നത്, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് എഐ ക്യാമറവഴി തിരിച്ചറിയാനാകുക. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ക്യാമറകൾ വഴി അതാത് സമയം കൺട്രോൾ റൂമുകളിലേക്കെത്തും. ജില്ലാ കൺട്രോൾ റൂമുകൾ വഴി ഇ-ചെലാൻ സംവിധാനത്തിലാകും പിഴ ഈടാക്കുക.

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇവ റോഡുകൾക്ക് സമീപം സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. ക്യാമറകളുടെ നിയന്ത്രണത്തിനായി കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ വാഹനങ്ങളെ സംബന്ധിച്ച് നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിന്റെ ഡാറ്റകൾ കിട്ടാൻ വൈകിയതാണ് എഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിക്കുന്നത് വൈകിപ്പിക്കുന്നത്.






Post a Comment

0 Comments