Latest News
Loading...

ചേർപ്പുങ്കൽ സമാന്തര പാലം 2023 മാർച്ചിൽ പൂർത്തീകരിക്കും: എം എൽ എ മാർ

പാലാ: ചേർപ്പുങ്കൽ സമാന്തരപാലത്തിൻ്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മോൻസ് ജോസഫ് എം എൽ എ, മാണി സി കാപ്പൻ എം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ചു ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെന്നും അവർ പറഞ്ഞു. 2023 മാർച്ച് 31നകം സമാന്തര പാല നിർമ്മാണം പൂർത്തീകരിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാലത്തിൻ്റെ നിർമ്മാണ പുരോഗതി രണ്ടു മാസം കൂടുമ്പോൾ എം എൽ എ മാരുടെ നേതൃത്വത്തിൽ വിലയിരുത്താനും ധാരണയായി.

സമാന്തരപാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു സാങ്കേതിക പ്രശ്നങ്ങളും നിയമപ്രശ്നങ്ങളും ഉണ്ടായിരുന്നതായി എം എൽ എ മാർ പറഞ്ഞു. അത്തരം പ്രശ്നങ്ങൾ നിരന്തര ശ്രമങ്ങളുടെ ഫലമായി പരിഹരിക്കപ്പെട്ടു.പുനർ നിർമ്മാണം ആരംഭിച്ചതിനു ശേഷം നിർമ്മാണ സാമിഗ്രികളായ സിമൻ്റ്, കമ്പി തുടങ്ങിയവയുടെ വില വൻതോതിൽ വർദ്ധിച്ചു. കരാർ തുകയ്ക്കു പൂർത്തീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് കരാറാകാരൻ അറിയിച്ചു. ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർമ്മാണ സാമിഗ്രികളുടെ വില വർദ്ധനവിനെത്തുടർന്ന് തമിഴ്നാടും ആന്ധ്രയും അത്തരത്തിൽ കൂടുതൽ വരുന്ന തുക സർക്കാർ വഹിക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. താൻ മന്ത്രിയായിരുന്ന കാലത്തും ഇത്തരത്തിൽ വില വർദ്ധിപ്പിച്ചപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

ഈ പ്രശ്നങ്ങൾ സർക്കാർ അടിയന്തിരമായി പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് എം എൽ എ മാർ പറഞ്ഞു. 


നേരത്തെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം എം എൽ എ മാർ സ്ഥലം സന്ദർശിച്ചിരുന്നു. പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ദീപ്തി ബാനു, എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്കുമാർ എം കെ, ഓവർസീയർ ഷാജി കെ ജെ, കോൺട്രാക്ടർ എം എം മാത്യു മുളമൂട്ടിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments