Latest News
Loading...

ഭാരത് മാല പദ്ധതി. കര്‍ഷകനെഞ്ചില്‍ ആധികയറ്റി ദേശീയപാത പദ്ധതി

തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത. സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ദേശീയ പാത വരുന്നത്. നിലവിലുള്ള എം.സി റോഡിന് സമാന്തരമായിട്ടാണ് പുതിയ പാത. മേലുകാവ് പഞ്ചായത്തിലെ കുളത്തില്‍കണ്ടം ഭാഗത്തുള്ള മല തുരന്നാണ് റോഡ് കടന്നു പോകുന്നത്. കേന്ദ്ര  നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. ഇതിനുള്ള പ്രാഥമിക സര്‍വേ നേരത്തേ തുടങ്ങിയിരുന്നു. പുതിയ പാതയുടെ പ്രാഥമിക സര്‍വേ നടത്താന്‍ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്. 



 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ജനവാസം കുറഞ്ഞതും റബര്‍ തോട്ടങ്ങളും വയലുകളും ഉള്‍പ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്. തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തില്‍നിന്നാണ് പുതിയ പാതയുടെ ആരംഭം. നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂര്‍, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂര്‍ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയില്‍ എത്തുന്നത്. അങ്കമാലിയിലെ പുതിയ കൊച്ചി ബൈപ്പാസിലാണ് പാത അവസാനിക്കുന്നത്. 

2021 ആഗസ്റ്റില്‍ സര്‍വേ ആരംഭിച്ചത് തിടനാട്ടിലാണ്.  പുനലൂര്‍, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങള്‍ ഒഴിവാക്കിയാണ് പാതയുടെ അലൈന്‍മെന്റ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന വിധമാണ് പുതിയ പാത വരുന്നത്. കൂടാതെ, മലയോര മേഖലകളിലെ ടൂറിസം വികസനത്തിനും പാത സഹായകരമാകും. എന്നാല്‍ തിടനാട്.,ഭരണങ്ങാനം,പ്രവിത്താനം ,കൊല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷക മേഖലയില്‍ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. മലയോര റയില്‍വേ സൃഷ്ട്ടിച്ച ആശങ്ക എവിടെയുമെത്താത്ത സ്ഥിതിയിലാണ് പുതിയ ദേശീയ പാത കൂനിന്മേല്‍ കുരു പോലെ വന്നിരിക്കുന്നത്. മലയോര റയില്‍വേ ഇന്ന് വരും നാളെ വരുമെന്ന് പറയുന്നുണ്ടെങ്കിലും,കഴിഞ്ഞ പത്ത് വര്‍ഷമായി സ്ഥലം വില്‍ക്കാനും .,വാങ്ങാനും സാധിക്കാതെ കര്‍ഷകന്റെ നടുവൊടിച്ചാണ് ഇന്നും ഡെമോക്ലീസിന്റെ വാള്‍ പോലെ കര്‍ഷകന്റെ തലയ്ക്കു മീതെ നില്‍ക്കുന്നത്

.45 മീറ്റര്‍ വീഥിയില്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ ഇതില്‍ ഉള്‍പ്പെടുന്ന കര്‍ഷകരുടെ വീടും സ്ഥലവും അന്യാധീന പെടുന്നതിനു തുല്യമാകും.  തിടനാട് ,ഭരണങ്ങാനം.,പ്രവിത്താനം ,കൊല്ലപ്പള്ളി തുടങ്ങി സ്ഥലത്തെ കര്‍ഷകരും വസ്തു ഉടമകളും ഇതുമൂലം ആശങ്കയിലാണ്. മലയോര റയില്‍വേ പോലെ നീട്ടി കൊണ്ട് പോകാതെ പദ്ധതി നടത്തിപ്പിന് വേഗം കൂട്ടി ദേശീയപാതയുടെ സ്ഥലമെടുപ്പിനു വ്യക്തത കൈവരുത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments