Latest News
Loading...

മൂന്നിലവ് സഹകരണബാങ്കില്‍ വ്യാജമുക്ത്യാര്‍ നല്കി വായ്പയെടുത്തതായി കണ്ടെത്തി

വ്യാജമായി തയാറാക്കിയ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് മൂന്നിലവ് സഹകരണബാങ്കില്‍ നിന്നും 20 ലക്ഷം രൂപ വായ്പയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശികളായ 2 പേര്‍ക്കെതിരെ ബാങ്ക് സെക്രട്ടറി മേലുകാവ് പോലീസില്‍ പരാതി നല്കി. ഈരാറ്റുപേട്ട മഠത്തില്‍ എംഎസ് പരീത്, മൊയ്തീന്‍കുന്നേല്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ക്കെതിരെയാണ് ബാങ്ക് പോലീസിനെ സമീപിച്ചത്. 



.2016-ലാണ് ഇരുവരും ചേര്‍ന്ന് 10 ലക്ഷം രൂപ വീതം വായ്പയെടുത്തത്. വായ്പയ്ക്ക് ഈടായി ഹാജരാക്കിയത് പരീതിന്റെ മാതാവിന്റെ പേരില്‍ തയാറാക്കിയ മുക്ത്യാറായിരുന്നു. നടുഭാഗം വില്ലേജിലെ .29 ഹെക്ടര്‍ സ്ഥലം ക്രയവിക്രിയത്തിനായി വിട്ടുനല്കിയെന്ന പവര്‍ ഓഫ് അറ്റോര്‍ണി പ്രകാരമാണ് തുക അനുവദിച്ചത്. 

ബാങ്കിലെ ചില വായ്പകളില്‍ സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമത്വം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പുതിയതായി അധികാരമേറ്റ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയത്. സബ് രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍, ഇത്തരമൊരു പവര്‍ഓഫ് അറ്റോര്‍ണി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമര്‍പ്പിച്ച നമ്പര്‍ വിവാഹ ഉടമ്പടിയുടേതുമാണെന്നും വ്യക്തമാവുകയായിരുന്നു. 



രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് ബാങ്ക് സെക്രട്ടറി മേലുകാവ് പോലീസില്‍ പരാതി സമര്‍പ്പിച്ചത്. മേലുകാവ് എസ്എച്ച്ഒയ്ക്കാണ് പരാതി നല്കിയിരിക്കുന്നത്. സംഭവം വെളിച്ചത്ത് വന്നതോടെ തിരിച്ചടയ്ക്കാനുള്ള തുകയ്ക്കായി ബാങ്കില്‍ ചെക്ക് സമര്‍പ്പിച്ചതായാണ് വിവരം. എന്നാല്‍ ഇതിന് മുന്‍പ് 2 തവണ ചെക്കുകള്‍ നല്കിയെങ്കിലും പണം ലഭ്യമായില്ല.  വായ്പയെടുത്ത പണം തിരിച്ചടച്ചാലും വ്യാജരേഖകള്‍ സമര്‍പ്പിച്ചെന്ന ഗുരുതരമായ കുറ്റത്തില്‍ നടപടി വരും.


Post a Comment

0 Comments