Latest News
Loading...

ഹൃദയാഘാതമോ... രണ്ടാഴ്ച്ച കഴിയട്ടെ !

മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം കഴിഞ്ഞിട്ട് 15 മാസം പൂർത്തിയായിട്ടും ആശുപത്രിയിലെത്താൻ വഴിയില്ലാതെ നാട്ടുകാർ വലയുന്നു. ഗുരുതര രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവർ കുത്തനെയുള്ള കുന്ന് നടന്നുകയറി വേണം ആശുപത്രിയിലെത്താൻ. ജനപ്രിയ ഡോക്ടർമാരുടെ സാന്നിധ്യം മൂലം വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നത്. കോവിഡ് വാക്‌സിൻ സ്വീകരിക്കാനും ദിവസേന നൂറുകണക്കിന് ആളുകൾ ഇവിടെ വരുന്നുണ്ട്. ഓട്ടോറിക്ഷയിൽ വരുന്ന സാധാരണക്കാരായ രോഗികളെ വഴിയില്ലാത്തതുമൂലം പഴയ ആശുപത്രിക്ക് സമീപം ഇറക്കി വിടുകയാണ്.

കഴിഞ്ഞ ദിവസം ഹൃദയാഘാതം നേരിട്ട രോഗിയുമായി എത്തിയ വാഹനം ഇരുപതു മിനിറ്റാണ് വഴിയിലെ ചെളിയിൽ കുടുങ്ങിയത്. ആയുസ്സിന്റെ ബലംകൊണ്ട് മാത്രമാണ് ആ രോഗി രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ എത്തിയ ഓട്ടോറിക്ഷാ ഒരു വശത്തേയ്ക്ക് ചരിഞ്ഞു. കണ്ടുനിന്ന നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്ന രോഗികളെയും ഓട്ടോ ഡ്രൈവറെയും രക്ഷിച്ച് പുറത്തെടുത്തത്. ഈ സംഭവത്തോടെ മറ്റ് വാഹനങ്ങൾ ജീവൻ കയ്യിൽപിടിച്ച് ആശുപത്രിയിലേക്ക് കയറുന്നത് അവസാനിപ്പിച്ചു.

വാർഡ് മെമ്പറുടെ നിരന്തര പരിശ്രമത്തെ തുടർന്ന്, മാസങ്ങൾക്ക് മുമ്പുതന്നെ സമീപത്തുള്ള സ്ഥലമുടമ സൗജന്യമായി വഴി വിട്ടുനൽകാം എന്ന് സമ്മതിച്ചിരുന്നു. പക്ഷേ നടപടിക്രമങ്ങളിൽ കുടുങ്ങി, ഒരിഞ്ച് പോലും റോഡ് നിർമ്മാണം ഇന്നേവരെ നടന്നിട്ടില്ല. ആശുപത്രിയുമായി ബന്ധപ്പെട്ട നേട്ടങ്ങളെല്ലാം പഞ്ചായത്തും ആരോഗ്യ സ്ഥിരം സമിതിയും ഏറ്റെടുക്കാറുണ്ടെങ്കിലും,
 പഞ്ചായത്തും ആരോഗ്യവകുപ്പും പൊതുമരാമത്തും വൈദ്യുതി ബോർഡും പരസ്പരം പഴിചാരി റോഡിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപെടുകയാണ്. 






.കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ആശുപത്രി ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ തന്നെ വെവ്വേറെ ശിലാഫലകം സ്ഥാപിക്കലും അവകാശ കോലാഹലങ്ങളും നടന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരിലാണ് അന്ന് റോഡ് നിർമാണം വൈകിയത്. എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റ് പത്തുമാസം തികയുമ്പോഴും ആശുപത്രിയിലെത്താൻ റോഡ് ഇല്ല. 

നിലവിലുള്ള റോഡും ആശുപത്രി മുറ്റവും മഴപെയ്ത് ചെളിക്കുളമായി കിടക്കുകയാണ്. പതിനായിരം രൂപ വരെ ചെലവുള്ള പ്രവൃത്തികൾ പഞ്ചായത്ത് പ്രസിഡന്റിന് സ്വന്തമായി അനുവദിക്കാനാകും. പുതിയ റോഡിന്റെ ടെൻഡർ പൂർത്തിയാകും വരെ നിലവിലുള്ള റോഡ് ഉപയോഗ യോഗ്യമാക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


കോൺഗ്രസ് സമരം പ്രഖ്യാപിച്ചതോടെ, രണ്ടാഴ്ചയ്ക്കകം നടപടി ക്രമങ്ങൾ പൂർത്തിയാക്കും എന്ന പഞ്ചായത്ത് പ്രെസിഡന്റിന്റെ അറിയിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഹൃദ്രോഗികൾ ഉൾപ്പെടെയുള്ളവർ അതുകഴിഞ്ഞ് ആശുപത്രിയിൽ പോയാൽ മതി എന്നാണോ പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് ചോദിച്ചു. വഴിയുടെ അഭാവം മൂലം രോഗികൾക്ക് അത്യാഹിതം സംഭവിച്ചാൽ പരിപൂർണ്ണ ഉത്തരവാദിത്വം പഞ്ചായത്ത് പ്രസിഡന്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി റോഡ് ഉടനടി സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം KSU ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. കെ. വി മാത്യു, മാത്തുക്കുട്ടി പുളിക്കിയിൽ, സണ്ണി മുള്ളംകുഴി, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, സൈജു ജോസഫ്, അനീഷ് കുറിച്ചിത്താനം, ബെജി ഇല്ലുകുടി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments