Latest News
Loading...

ടർപ്പോളിൻ കുടിലിലെ ഒറ്റമുറിയിൽനിന്ന്‌ സുരക്ഷിത ഭവനത്തിലേക്ക്‌




വിഷ്‌ണുപ്രിയയ്ക്കും ശിവപ്രിയയ്‌ക്കും കൃഷ്‌ണപ്രിയയ്‌ക്കും സ്വസ്ഥമായി പഠിക്കാനും അന്തിയുറങ്ങാനും സുരക്ഷിത ഭവനമൊരുങ്ങി.  ടർപ്പോളിൻ കുടിലിലെ പരാധീനതകളിൽനിന്ന്‌ മോചനംനേടി തോടനാൽ കരുവാലയിൽ ഷാജി–-കുമാരി ദമ്പതിമാർ തങ്ങളുടെ മൂന്ന്‌ പെൺമക്കളുമായി പുതിയ വീട്ടിലേയ്‌ക്ക്‌ പ്രവേശിക്കുമ്പോൾ നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്‌നത്തിനാണ്‌ സാക്ഷാത്‌ക്കാരമായി. സിപിഐ എം കൊഴുവനാൽ ലോക്കൽക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴര ലക്ഷം ചിലവിൽ നിർമ്മിച്ച്‌ നൽകുന്ന പുതിയ വീടിന്റെ താക്കോൽ 26ന്‌ രാവിലെ ഒൻപതിന്‌ പന്നിയാമറ്റം കവലയിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണ വകുപ്പ്‌ മന്ത്രി വി എൻ വാസവൻ കുടുംബത്തിന്‌ കൈമാറും. ലോക്കൽ സെക്രട്ടറി സെന്നി സെബാസ്‌റ്റ്യൻ അധ്യക്ഷനാകും.


ചെത്തുതൊഴിലാളിയായിരുന്ന ഷാജി ഭാര്യയ്‌ക്കും വിദ്യാർഥികളായ മൂന്ന്‌ പെൺമക്കൾക്കൊപ്പം ഏഴ്‌ വർഷമായി ടർപ്പോളിൻ മേഞ്ഞ ഒറ്റമുറി വീട്ടിലാണ്‌ ദുരിത ജീവിതം നയിച്ചുവന്നത്‌. കുടുംബവിഹിതവും 16 വർഷത്തെ ചെത്തുതൊഴിൽനിന്ന്‌ മിച്ചംവെച്ച തുകയിൽ വാങ്ങിയ അഞ്ചും സെന്റും ഉൾപ്പെടെ 15 സെന്റ്‌ ഭൂമി സ്വന്തമായുണ്ടെങ്കിലും സുരക്ഷിതമായ വീടെന്ന സ്വപ്‌നം ബാക്കിയായി. ചെത്തുതൊഴിൽ ഇല്ലാതായതോടെ റബർ ടാപ്പിംങ്‌ ജോലി ചെയ്‌താണ്‌ ഷാജി കുടുംബം പോറ്റിവരുന്നത്‌. 

.പ്ലസ്‌ടു കഴിഞ്ഞ്‌ കോളേജ്‌ പഠനത്തിനൊരുങ്ങുന്ന മൂത്തമകൾ വിഷ്‌ണുപ്രിയയും പത്താംക്ലാസിൽ മികച്ച വിജയം നേടിയ ശിവപ്രിയയും ഒൻപതാം ക്ലാസുകാരിയായ കൃഷ്‌ണപ്രയിയും ഒറ്റമുറി വീട്ടിലിരുന്നായിരുന്നു പഠനം. കോവിഡ്‌ കാലത്ത്‌ വീട്‌ വിദ്യാലയമായതോടെ പരിമിതികൾക്കിടയിലും മികച്ച മാർക്കോടെയാണ്‌ വിഷുണുവും ശിവയും പരീക്ഷാവിജയം നേടിയത്‌. കുട്ടികൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ സിപിഐ എം നേതൃത്വത്തിൽ ടിവിയും ലഭ്യമാക്കിയിരുന്നു. പുതിയ വീട്ടിലേക്ക്‌ ഗൃഹപ്രവേശത്തിനൊരുങ്ങുമ്പോൾ ഏറെ സന്തോഷത്തിലാണ്‌ ഈ കുട്ടികൾ. ചെറുപ്പം മുതൽ നെഞ്ചേറ്റിയ പ്രസ്ഥാനം വീടൊരുക്കി കൈത്താങ്ങായതിന്റെ അഭിമാനവും കുടുംബം മറച്ചുവച്ചില്ല.

.കുടുംബത്തിന്റെ ദൈന്യാവസ്ഥ കണ്ട്‌ സിപിഐ എം തോടനാൽ ബ്രാഞ്ച്‌ നടത്തിയ ഇടപെടലാണ്‌ ലോക്കൽ കമ്മിറ്റിയുടെ ഭവനപദ്ധതിയിൽ പുതിയ വീട്‌ നിർമ്മിച്ച്‌ നൽകാൻ നടപടിയായത്‌.   650 ചതുരശ്രയടിയിൽ നിർമ്മാണം പൂർത്തിയാക്കിയ കോൺക്രീറ്റ്‌ ഭവനത്തിൽ രണ്ട്‌ മുറി, അടുക്കള, ഹാൾ, സിറ്റൗട്ട്‌, ശുചിമുറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. പാർടി സെക്രട്ടറിയായിരിക്കേ വി എൻ വാസവൻ നിർമാണോദ്‌ഘാടനം നടത്തിയ വീട്‌ പാർടി അംഗങ്ങളുടെയും സുമന്‌സകരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നവരുടെയും സഹായത്തോടെയാണ്‌ പൂർത്തിയാക്കിയത്‌. നിർമാണ കമ്മിറ്റി കൺവീനർ എം ശ്രീകുമാർ, ലോക്കൽ സെക്രട്ടറി സെന്നി സെബാസ്‌റ്റ്യൻ, എ ആർ ശിവശങ്കരൻനായർ എന്നിവർ ഭാരവാഹികളായുള്ള സമിതിയ്‌ക്കായിരുന്നു നിർമാണ ചുമതല. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌, ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ, പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ്‌, ഏരിയാ കമ്മിറ്റിയംഗം ടി ആർ വേണുഗോപാൽ എന്നിവരും സഹായമേകി ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments