Latest News
Loading...

മാലിന്യ സംസ്കരണ പ്ലാന്റ് കോഴയിൽ സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. - മോൻസ് ജോസഫ് എം.എൽ.എ


കുറവിലങ്ങാട്: കോട്ടയം ജില്ലയ്ക്ക് വേണ്ടി ആവിഷ്ക്കരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് കുറവിലങ്ങാട് കോഴായിലുള്ള ജില്ലാ കൃഷിത്തോട്ടത്തിൽ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നീക്കം ഉപേക്ഷിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. 

    മാലിന്യ സംസ്കരണ പ്ലാന്റ് കോഴായിൽ സ്ഥാപിക്കുന്നതിന് വേണ്ടി ഒരേക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് സർക്കാർ തലത്തിൽ നടന്ന് വരുന്നതെന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. സ്ഥലം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി കോട്ടയം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത് ഇക്കാര്യത്തിൽ തുടർ നടപടികൾ മുന്നോട്ട് പോകുന്നതിന്റെ തെളിവാണ്. ജനവാസ കേന്ദ്രമായ കോഴായിൽ നാടന് ഉപദ്രവമാകുന്ന വിധത്തിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.

    വർഷങ്ങൾക്ക് മുൻപ് സർക്കാർ തലത്തിൽ ഇതുപോലെയൊരു തീരുമാനം കോഴായുടെ കാര്യത്തിൽ സ്വീകരിച്ചപ്പോൾ മുഴുവൻ ജന പ്രതിനിധികളെയും, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും, പൊതുസമൂഹത്തെയും ഒറ്റക്കെട്ടായി സഹകരിപ്പിച്ച് കൊണ്ട് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് കോഴാ ഒഴിവാക്കിയുള്ള തീരുമാനം സർക്കാർ തലത്തിൽ എടുപ്പിച്ചത്. ഇപ്പോൾ വീണ്ടും ഇതേ സാഹചര്യം വന്നിരിക്കുകയാണ്. വിവിധ തൊഴിലാളി പ്രസ്ഥാനങ്ങൾ മാലിന്യ പ്ലാന്റിനെതിരെ രംഗത്ത് വന്നതിനെ സ്വാഗതം ചെയ്യുന്നു. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിനോടും പ്രാദേശിക ജന പ്രതിനിധികളോടും കൂടിയാലോചന നടത്തുകയും, സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കുകയും ചെയ്ത് കൊണ്ട് ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് വരുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. 
    



മാലിന്യ പ്ലാന്റ് കോഴായിൽ സ്ഥാപിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ രഹസ്യ സ്വഭാവത്തോടെ നടത്തി വരുന്ന ഗൂഢ നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും ഒറ്റക്കെട്ടായ സഹകരണം ഉണ്ടാകണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. കോഴായിൽ നിന്ന് മാലിന്യ പ്ലാന്റ് ഒഴിവാക്കണമെന്നും, ഇക്കാര്യത്തിൽ ജനങ്ങൾക്ക് ഉണ്ടായിരിക്കുന്ന ആശങ്കയും, നാടിന് ഉണ്ടാകുന്ന ഉപദ്രവങ്ങളും ചൂണ്ടിക്കാണിച്ച് കൊണ്ടും മുഖ്യമന്ത്രിക്കും, വിവിധ മന്ത്രിമാർക്കും പരാതി സമർപ്പിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

Post a Comment

0 Comments