Latest News
Loading...

സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത പാല സ്വദേശിനി മറിയാമ്മ പാലായിൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി.

രോഗബാധിതയായ കുഞ്ഞിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത പാല സ്വദേശിനി മറിയാമ്മ സെബാസ്റ്റ്യന്‍, മുൻപ് പാലായിൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി. അമ്മയും മകളും ചേര്‍ന്ന് ആഡംബരജീവിതത്തിനാണ് പണം തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

മറിയാമ്മ സെബാസ്റ്റ്യന്‍ പാല കിഴതടിയൂര്‍ സഹകരണ ബാങ്കില്‍ നിന്നും 50.60 ലക്ഷം തട്ടിയെടുത്ത കേസ്സിലെ ഒന്നാം പ്രതിയാണ്. ആള്‍മാറാട്ടം നടത്താന്‍ സഹായിച്ചുവെന്ന് സംശയിക്കപ്പെടുന്ന ഇവരുടെ മകന്‍ അരുണ്‍ മുമ്പ് കള്ളനോട്ട് കേസ്സില്‍ അറസ്റ്റിലായിരുന്നു. .2018-ലാണ് കേസിനാസ്പദമായ സംഭവം. 

ഈ സമയം മേഴ്‌സി എന്നു വിളിപ്പേരുള്ള മറിയാമ്മയായിരുന്നു ബാങ്കിന്റെ കാഷ്യര്‍. ബാങ്കിന്റെ ലോക്കറില്‍നിന്ന് 50.60 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന പരാതി. മകന്‍ അരുണ്‍ കള്ളനോട്ട് കേസ്സില്‍ പ്രതിയായതോടെ മറിയാമ്മ ബാങ്കില്‍ വരാതായി. ഇതെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് പണം കുറവുള്ളതായി കണ്ടെത്തിയത്.

ഒരുവര്‍ഷത്തിനുള്ളില്‍ പലപ്പോഴായി പണം മാറ്റുകയായിരുന്നെന്ന് അന്ന് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ദിവസവും ലോക്കറിലെ പണം മാനേജര്‍ പരിശോധിച്ച് കണക്കുസൂക്ഷിക്കാതിരുന്നതാണ് അന്ന് തട്ടിപ്പിന് വഴിയൊരുക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഒരുതവണ പരിശോധന നടത്തിയെങ്കിലും പണം താല്‍ക്കാലികമായി തിരികെ ലോക്കറില്‍ വച്ചിരുന്നതിനാല്‍ തിരിച്ചറിഞ്ഞില്ല.
.
സംഭവത്തില്‍ വീഴ്ച വരുത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണമുണ്ടായെങ്കിലും ആരെയും കേസ്സില്‍ പ്രതിചേര്‍ത്തിരുന്നില്ല. മകന്‍ അരുണിന്റെ ആഡംബരജീവിതവും കടബാധ്യതയുമാണ് മറിയാമ്മ പണം തിരിമറി നടത്താനുണ്ടായ സാഹചര്യമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ആഡംബര കാറുകള്‍ വാങ്ങുകയും പിന്നീട് മാസങ്ങള്‍ക്കുള്ളില്‍ ഇത് വില്‍ക്കുകയുമായിരുന്നു ഇവരുടെ മകന്റെ അരുണിന്റെ രീതി. മകള്‍ വിദേശത്തു പോയിയെങ്കിലും ജോലി ലഭിക്കാതെ തിരികെ എത്തിയ സാഹചര്യവും മറിയാമ്മയെ സമ്മര്‍ദ്ദത്തിലാക്കി.

വന്‍തുക മുടക്കിയായിരുന്നു ഇവര്‍ മകളെ വിദേശത്തേക്ക് അയച്ചത്. ഇതിനു പുറമെ ഭര്‍ത്താവിന്റെ ചികിത്സക്കായും നല്ലൊരുതുക ചെലവായി. അരുണിന്റെ ബിസിനസിലെ കടബാദ്ധ്യതയും കൂടിയായതോടെ ഇവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. ഇതോടെ കിട്ടാവുന്നിടത്തുന്നെല്ലാം ഇവര്‍ പണം വാങ്ങി. ഇത്തരത്തില്‍ വാങ്ങിയ പണം തിരികെ നല്‍കുന്നതിനായിട്ടാണ് ബാങ്കില്‍ നിന്നും പണം കൈക്കലാക്കിയതെന്നാണ് ഇവരുടെ മൊഴി.ചികത്സ്‌ക്കെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ കേസില്‍ മറിയാമ്മയുടെ മകന്‍ അരുണ്‍ സെബാസ്റ്റ്യനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 

എടിഎം കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ടു നിക്ഷേപിച്ച സംഭവത്തില്‍ അരുണിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 


പാലായില്‍ സിവില്‍ സ്റ്റേഷനു സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുണ്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉപയോഗിച്ചു 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്തശേഷം ഇത് ഫെഡറല്‍ ബാങ്കിന്റെ സിഡിഎം മെഷീനില്‍ നിക്ഷേപിക്കുകയായിരുന്നു. 2000 രൂപയുടെ അഞ്ചു നോട്ടുകളാണു മെഷീനില്‍ നിക്ഷേപിച്ചത്. പൊലീസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്ബര്‍ തിരിച്ചറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചശേഷം രണ്ടു ദിവസത്തിനുള്ളില്‍ തുല്യമായ തുക എടിഎം മുഖേന പിന്‍വലിക്കുകയായിരുന്നു അരുണിന്റെ രീതി.

ചികിത്സാ വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തിയതിനാണ് മറിയാമ്മയും, മകള്‍ അനിത റ്റി(29)യും ഇന്ന് പൊലീസ് പിടിയിലാകുന്നത്. എരൂര്‍ ഷാസ് മിസ്റ്റിക്‌ഹെയ്റ്റ് ഫ്‌ലാറ്റില്‍ നിന്നുമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പെരുമ്പാവൂര്‍ രായമംഗലം വായക്കര മാടശേരിയില്‍ പ്രവീണിന്റെ മകള്‍ ഗൗരിലക്ഷമിയുടെ ചികത്സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകനായ ഫറൂക്ക് ചെറുപ്പുളശ്ശേരി മുഖാന്തിരം സാമൂഹ്യമാധ്യമങ്ങളില്‍ സാഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടിരുന്നു.ഇതെത്തുടര്‍ന്ന് ഇവര്‍ക്ക് സഹായം ലഭിക്കുകയും ചെയ്തു.

ഈ മാസം 7-ന് പരിചയക്കാരനായ ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പുനടത്തുന്നതായുള്ള വിവരം പ്രവീണിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കൃപാസനം, പ്രസാദ വരവ് മാതാവ് എന്ന ഫെയിസ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയത്. ഇവരുടെ വിലാസവും ഗുഗിള്‍ പേ നമ്ബറും സഹായ അഭ്യര്‍ത്ഥനയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു. വിവരം പ്രവീണ്‍ ചേരാനല്ലൂര്‍ പൊലീസില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകളും കുടുങ്ങിയത്. 

ഒരു ലക്ഷത്തോളം രൂപ ഇവര്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നെന്നാണ് പൊലീസ് അന്വേഷത്തില്‍ വ്യക്തമായിട്ടുള്ളത്.