Latest News
Loading...

സര്‍ക്കാര്‍ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നതില്‍ ധാര്‍മ്മികതയില്ല; പ്രസാദ് കുരുവിള

 നാടുമുഴുവന്‍ മദ്യശാലകള്‍ നടത്തുകയും യഥേഷ്ടം മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ അബ്കാരിയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാരിന് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കാന്‍ ധാര്‍മ്മികാവകാശമില്ലെന്നും സന്ദേശം നല്കുന്നതും പ്രതിജ്ഞയെടുപ്പിക്കുന്നതും അനുചിതമാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പ്രസിഡന്റും അലൈന്‍സ് ഓഫ് ടെമ്പറന്‍സ് സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള.

 ലോക ലഹരിവിരുദ്ധ ദിനാചരണ പരിപാടികളുടെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

 ഗാര്‍ഹിക പീഡനങ്ങളില്‍ മുഖ്യവില്ലന്‍ മദ്യമാണ്. എല്ലാ ഗാര്‍ഹിക പീഡനങ്ങളും, കൊലപാതകങ്ങളും, ആത്മഹത്യകളും സ്ത്രീധന പീഡനങ്ങള്‍ മാത്രമാക്കി മാറ്റി കേസിന് ബലം പകരാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള വ്യതിചലിക്കലാണ്. 

മദ്യം ഒഴിവാക്കാതെ ഗാര്‍ഹിക പീഡനങ്ങള്‍ കുറയ്ക്കാനാവില്ല. മദ്യാസക്തി ഒരു മാനസിക രോഗമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിട്ടുണ്ട്. മദ്യം ഉളളിലേക്ക് ചെല്ലുമ്പോഴാണ് ഉറുമ്പിനെ പോലും കൊല്ലാത്തവന്‍ മനുഷ്യന്റെ കഴുത്തറക്കുന്നത്. 

 മാരകമായ പകര്‍ച്ചവ്യാധി നിലനില്‍ക്കേത്തന്നെ മദ്യശാലകള്‍ തുറന്നു കൊടുക്കുകയും മദ്യം വാങ്ങാന്‍ നില്ക്കുന്ന നിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള നൂറു കണക്കിനാളുകള്‍ക്ക് പോലീസ് സംരക്ഷണം നല്കുകയും ചെയ്യുന്നത് മറ്റൊരു വിപത്തിനെക്കൂടി പ്രോത്സാഹിപ്പിക്കലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ട്.

 മദ്യശാലകള്‍ അടച്ചിട്ടപ്പോഴും തുറന്ന് കൊടുതിന ശേഷവുമുള്ള മദ്യവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളുടേയും കണക്കുകള്‍ക്കൂടി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളില്‍ ഉള്‍പ്പെടുത്തണം. 

 വൈസ് പ്രസിഡന്റ് ജോസ് കവിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടര്‍ ഫാ. ജോസ് പുത്തന്‍ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേല്‍, ജോസ് കവിയില്‍, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, ജോസ്‌മോന്‍ പുഴക്കരോട്ട്, അലക്‌സ് കെ. എമ്മാനുവേല്‍, സാജു ജോസഫ്, ജോസ് ഫ്രാന്‍സിസ്, ടിന്റു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments