Latest News
Loading...

പെരുന്തേനരുവിയില്‍ കാണാതായ യൂവാവിനെ കണ്ടെത്തി.

എരുമേലി: പെരുന്തേനരുവി ഡാമിന് സമീപത്തുനിന്നും ഒഴുക്കില്‍പ്പെട്ട് കാണാതായ പൊന്‍കുന്നം ചിറക്കടവ് തുറുവാതുക്കല്‍ വീട്ടില്‍ എബി സാജന്റെ (22) മൃതദേഹം ഇന്ന് രാവിലെ 4.55 ന് ഈരാറ്റുപേട്ടയില്‍ നിന്നുമെത്തിയ ടീം നന്മക്കൂട്ടം കണ്ടെടുത്തു.
നന്മക്കൂട്ടം അംഗങ്ങളായ കെ.കെ.പി അഷ്‌റഫ് കുട്ടി, മുഹമ്മദ് റാഫി എം.എന്‍ എന്നിവരാണ് സാജന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 19 നായിരുന്ന സംഭവം. ഫയര്‍ഫോഴ്‌സും, എന്‍.ഡി.ആര്‍ഫും, ടീം നന്മക്കൂട്ടവും രണ്ട് ദിവസമായി ക്യാമ്പ് ചെയ്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു. കുടുംബത്തോടൊപ്പം പെരുന്തേനരുവി വെള്ളച്ചാട്ടം കാണാന്‍ വന്ന ആറുപേരടങ്ങുന്ന സംഘത്തില്‍പ്പെട്ട എബി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

പത്തനംതിട്ട എം.പി ആന്റോ ആന്റണി, പൂഞ്ഞാര്‍ എം.എല്‍.എ സബാസ്റ്റിയന്‍ കുളത്തുങ്കല്‍, ഈരാറ്റുപേട്ട മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് എന്നിവര്‍ അറിയിച്ചതിനെ തുര്‍ന്നാണ് ടീം നന്മക്കൂട്ടം പ്രവര്‍ത്തകരായ 17 പേര്‍ അടങ്ങുന്ന സംഘം വെള്ളിയാഴ്ച പുന്തേനരുവിക്ക് പുറപ്പെട്ടത്. 

കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ മൂന്നാമത്തെ മൃതദേഹമാണ് ടീം നന്മക്കൂട്ടം കണ്ടെടുത്ത്. മണിമല ആറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെയും, ഇടുക്കി ഉപ്പുതറയില്‍ മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹവും നന്മക്കൂട്ടമാണ് കണ്ടെത്തിയത്. 
ഈരാറ്റുപേട്ടയിലെ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം യുവാക്കളുടെ ടീമാണ് നന്‍മക്കൂട്ടം. ഇതിലെ അംഗങ്ങള്‍ പലരും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സാഹസിക സേവനരംഗത്തുള്ളവരാണ്. നാലുവര്‍ഷം മുമ്പാണ് ഇവര്‍ ചേര്‍ന്ന് ടീം നന്‍മകൂട്ടം എന്ന കൂട്ടായ്മ രൂപീകരിച്ചത്. അപകടങ്ങളും ദുരന്തങ്ങളുമുണ്ടാവുന്ന സ്ഥലങ്ങളില്‍ ടീം അംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 49 മൃതദേഹങ്ങള്‍ മുങ്ങിയെടുത്തിട്ടുണ്ട്.

 തഹസില്‍ദാര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, പോലിസ്, തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികള്‍ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിളിക്കാറുണ്ട്. ഒരു ബോട്ട്, ജലാശയങ്ങളില്‍ തിരച്ചിലിന് ഇറങ്ങാന്‍ വലിയ ട്യൂബുകള്‍, വടം എന്നിവമാത്രമാണ് ഇവര്‍ക്ക് സ്വന്തമായിയുള്ളത്. ഈ ടീമിനെ ശ്രദ്ധേയമാക്കുന്നത് അന്നന്ന് ജോലിക്കുപോയി ഉപജീവനമാര്‍ഗം നടത്തുന്ന സാധാണക്കാരാണ്. ഇവര്‍ ഓരോ സ്ഥലങ്ങളില്‍ പോകുമ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നും ക്യാഷെടുത്താണ് വഹനങ്ങള്‍ക്ക് ഇന്ധനടിക്കുന്നതും മറ്റുചിലവുകളും നോക്കുന്നത്.

 ഇതുപോലുള്ള ടീമുകള്‍ക്കുള്ള ആനുകൂല്യങ്ങളും മറ്റു ഇന്‍ഷ്യുറന്‍സ് പദ്ധതികളും സഹായങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ വലിയ സഹായങ്ങള്‍തന്നെയാവും.
പെരുന്തേനരുവിലില്‍ ഇന്ന് തിരച്ചിലിന് ടീം അംഗങ്ങളായ അഷ്‌റഫ്കുട്ടി, മുഹമ്മദ് റാഫി അന്‍സില്‍, ഹാരിസ് പുളിക്കില്‍, ഷിഹാബ് തെക്കേക്കര എന്നിവരുമുണ്ടായിരുന്നു.

Post a Comment

0 Comments