Latest News
Loading...

മോനിപ്പള്ളിയിൽ വാഹന വകുപ്പ് വികസന പദ്ധതികൾ 3 മാസത്തിനകം പൂർത്തീകരിക്കാൻ നിർദ്ദേശം.


കുറവിലങ്ങാട്: ഉഴവൂർ ജോയിന്റ് ആർ.ടി.ഓഫീസിന്റെ കീഴിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മോനിപ്പള്ളി കല്ലിടിക്കിൽ യാഥാർത്ഥ്യമാക്കുന്ന വിവിധ വികസന പദ്ധതികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 

    കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ നടപ്പാക്കുന്ന ഗതാഗത വകുപ്പിന്റെ പദ്ധതികൾ വിലയിരുത്തുന്നതിന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യം ഉന്നയിച്ചത് പ്രകാരമാണ് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം വിളിച്ച് ചേർത്തത്.  


    മോനിപ്പള്ളി സെന്ററിൽ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ഓട്ടോമാറ്റിക്ക് ടെസ്റ്റിംഗ് സ്റ്റേഷന്റെയും, കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റത്തിന്റെയും പ്രവർത്തനങ്ങൾ ഇപ്പോൾ നടന്ന് വരുന്നുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. കോവിഡ് ലോക്ഡൗൺ പ്രതിസന്ധികൾക്ക് ശേഷം നിർമ്മാണ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. വൈദ്യുതി, വെള്ളം, ഫർണിച്ചർ തുടങ്ങിയവയെല്ലാം ലഭ്യമാക്കുകയും ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്ത ശേഷമേ ഉദ്ഘാടന കാര്യങ്ങളിലേക്ക് സർക്കാർ കടക്കുകയുള്ളൂവെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇക്കാര്യങ്ങൾ നടപ്പാക്കാൻ വിവിധ ഉദ്യോഗസ്ഥരെ യോഗത്തിൽ വച്ച് ചുമതലപ്പെടുത്തി.

    ഗതാഗത വകുപ്പിന്റെ ഫണ്ടിൽ നിന്ന് ലഭിച്ച 2.29 കോടി രൂപയുടെ വികസന പദ്ധതികളാണ് മോനിപ്പള്ളിയിൽ ഇപ്പോൾ നടന്ന് വരുന്നത്. കോമ്പൗണ്ടിന്റെ അതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ന്യായമായ ആവലാതികൾ കേട്ട ശേഷം എത്രയും പെട്ടന്ന് നിർമ്മാണ കാര്യങ്ങൾ പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് അനുകൂല സാഹചര്യം ഉറപ്പ് വരുത്തുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ യോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിലേക്ക് ഇറിഗേഷന്റെയും, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും പ്രധാന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ജോയിന്റ് ഇൻസ്പെക്ഷൻ എത്രയും പെട്ടെന്ന് നടപ്പാക്കാൻ യോഗം എം.എൽ.എയെ ചുമതലപ്പെടുത്തി.


    റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോനിപ്പള്ളി സെന്ററിൽ ഭാവിയിലേക്ക് നടപ്പാക്കാൻ കഴിയുന്ന പുതിയ പദ്ധതികളെക്കുറിച്ച് ഗതാഗത വകുപ്പ് പരിശോധിക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ട്രാൻസ്പോർട്ട് കമ്മീഷണറെ മന്ത്രി ചുമതലപ്പെടുത്തി. ഉഴവൂർ - മോനിപ്പള്ളി സെന്ററിന്റെ വികസന സാധ്യതകൾ പരമാവധി നടപ്പാക്കുന്നതിന് സർക്കാർ തലത്തിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മോനിപ്പള്ളി കല്ലിടുക്കി സെന്റർ മന്ത്രി നേരിട്ട് സന്ദർശിച്ച് വികസന സാധ്യതകളുടെ വിലയിരുത്തൽ നടത്തണമെന്ന് മോൻസ് ജോസഫ് അഭ്യർത്ഥിച്ചു.

     ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഗതാഗത വകുപ്പ് തയ്യാറാക്കിയ ഉഴവൂർ - മോനിപ്പള്ളി സെന്ററിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച സ്ലൈഡ് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ വികസന ആവശ്യങ്ങൾ ഉന്നയിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ ഐ.പി.എസ്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, മോട്ടോർ വെഹിക്കിൾ നോഡൽ ഓഫീസർ ഗോകുൽ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ റ്റി.സി വിനീഷ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments