Latest News
Loading...

എല്ലുപൊടിയുന്ന അപൂർവരോഗവുമായി 27 വർഷത്തെ പോരാട്ടം; ലതീഷ ഇനി ഓർമ


 അതിജീവനത്തിന്റെ പ്രതീകമായ ലതീഷ അൻസാരി (27) ഇനി ഓർമ. ജന്മനാ എല്ല് പൊടിയുന്ന അസുഖമായ ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട് എന്ന അസുഖം ബാധിച്ച ലതീഷ നിശ്ചയ ദാർഢ്യം കൊണ്ട് സിവിൽ സർവീസ് പരിശീലനം വരെ നേടി. ഇന്ന് രാവിലെ എട്ടോടെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എരുമേലി പുത്തൻപീടികയിൽ അൻസാരി–ജമീല ദമ്പതികളുടെ മകളാണ് ലതീഷ. 27കാരിയായെങ്കിലും 15 കിലോമാത്രം തൂക്കവും ഒന്നരയടി മാത്രം ഉയരവുമാണ് ജനീഷയ്ക്ക് ഉണ്ടായിരുന്നത്. അച്ഛൻ അൻസാരിയുടെ ഒക്കത്തേറിയായിരുന്നു ലതീഷയുടെ യാത്രകൾ. ഓക്സിജൻ ശ്വസിക്കാൻ സാധിക്കാത്ത പൾമണറി ഹൈപ്പർ ടെൻഷൻ എന്ന അസുഖവും ലതീഷയെ വലച്ചു. ഇതോടെ കുറച്ചു വർഷങ്ങളായി ഓക്സിജൻ സിലിണ്ടറുമായാണ് ജീവിതം മുന്നോട്ട് നീക്കിയത്.

ഉയർന്ന മാർക്കോടെ എംകോം പാസായ ലതീഷ സിവിൽ സർവീസ് പരിശീലനവും നേടിയിരുന്നു. ഓക്സിജൻ സിലിണ്ടറുമായി സിവിൽ സർവീസ് പരീക്ഷ എഴുതാൻ തിരുവനന്തപുരത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. കീബോർഡ് വായനയിൽ തിളങ്ങിയ ലതീഷ ആയിരത്തോളം വേദികളിൽ കീബോർഡ് വായിച്ചു. രാജ്യത്തെ പ്രമുഖ വനിതാ മാസികകൾ എല്ലാം ലതീഷയുടെ പോരാട്ടത്തിന്റെ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എരുമേലിയിലെ എംഇഎസ് കോളേജിൽ നിന്നു ബിരുദാനന്തര ബിരുദം പൂർത്തിയാക്കി എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നതു നിർത്തിയിരുന്നു. സർക്കാർ അനുവദിച്ച പോർട്ടബിൾ ഓക്ജിസൻ സിലിണ്ടറോടെയാണ് ലതീഷ ജീവൻ നിലനിർത്തിയിരുന്നത്.

ലതീഷാസ് ഹാപ്പിനസ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഈസ്റ്റൺ ഭൂമിക വനിതാ രത്നം അവാർഡ്, ഡോ. ബത്രാസ് പോസിറ്റീവ് ഹെൽത്ത്‌ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.

സംസ്കാരം ഇന്നു വൈകിട്ട് 5ന് എരുമേലി ടൗൺ നൈനാർ മസ്ജിദിൽ.

Post a Comment

0 Comments