Latest News
Loading...

18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം


കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് പ്രീ-രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഗ്രാമീണ മേഖലയിലെ നിരവധി ആളുകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

18 വയസ് മുതലുള്ളവര്‍ക്ക് സമീപത്തുള്ള വാക്‌സിനേഷന്‍ സെന്ററിലേക്ക് നേരിട്ട് പോകാവുന്നതാണ്. അവിടെ വാക്‌സിനേറ്റര്‍ ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ നടത്തുകയും വാക്‌സിന്‍ നല്‍കുകയും ചെയ്യും.

1075 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ വഴിയും രജിസ്‌ട്രേഷനുള്ള സൗകര്യം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരും ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ വാക്‌സിനേഷനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങളുള്ളതിനാല്‍, ഗ്രാമപ്രദേശങ്ങളില്‍ വാക്‌സിനേഷന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ജൂണ്‍ 13 വരെ കോ-വിനില്‍ രജിസ്റ്റര്‍ ചെയ്ത 28.36 കോടി പേരില്‍ 16.45 കോടി (58 ശതമാനം) പേരും ‘ഓണ്‍ സൈറ്റ്’ രീതിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ഈ കാലയളവില്‍ നല്‍കിയ 24.84 കോടി വാക്‌സിന്‍ ഡോസുകളില്‍ 19.84 കോടി ഡോസുകളും (ആകെ ഡോസുകളുടെ 80 ശതമാനത്തോളം) ഓണ്‍ സൈറ്റ് (വാക്ക് ഇന്‍) വാക്‌സിനേഷന്‍ വഴിയാണ് നല്‍കിയിട്ടുള്ളത്.

കോ-വിനില്‍ തരംതിരിച്ചിട്ടുള്ള 69,995 വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 49,883 കേന്ദ്രങ്ങളും (71 ശതമാനം) ഗ്രാമപ്രദേശങ്ങളിലാണുള്ളത്.

Post a Comment

0 Comments