Latest News
Loading...

അതിഥി തൊഴിലാളിയെ ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനം 10ആം ദിവസം പൊലീസ് പിടികൂടി.

ഭരണങ്ങാനം മേരിഗിരി ഭാഗത്തുള്ള കോഴിക്കടയിലെ ജീവനക്കാരനായിരുന്ന ആസാം സ്വദേശിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാലാ പോലീസ് പത്താം ദിനം പിടികൂടി. പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിറവം സ്വദേശിയായ സുനില്‍ കെ മാത്യുവിനെയും കെഎല്‍ 17 വി 7003 നമ്പര്‍ രജിസ്‌ട്രേഷനിലുള്ള മാരുതി എസ്പ്രസോ കാറും പാദുവായിലുള്ള വാടകവീട്ടില്‍ നിന്നും പിടികൂടിയത്.


21 വയസ്സുള്ള വികാസിനെ ഈ മാസം മൂന്നാം തീയതി രാത്രി ഏഴേകാലോടെയാണ് വഴിയരികിലൂടെ നടന്നു വന്ന സമയം കാര്‍ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയത്. ഈരാറ്റുപേട്ട ഭാഗത്തുനിന്നും അതിവേഗതയില്‍ എത്തിയതായിരുന്നു കാര്‍. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വികാസിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വികാസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വികാസിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

അപകടം നടന്ന് പിറ്റേദിവസം തന്നെ അന്വേഷണം ആരംഭിച്ച പോലീസ് അപകടമുണ്ടാക്കിയത് വെള്ളനിറത്തിലുള്ള മാരുതി എസ് പ്രസോ കാര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ ഉള്ള മുഴുവന്‍ വെള്ളനിറത്തിലുള്ള എസ് പ്രസോ വാഹനങ്ങളും പോലീസ് പരിശോധിച്ചെങ്കിലും ഇടിച്ച വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. രാത്രിയും മഴയുമുള്ള ദിവസമായതിനാല്‍ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. 

എന്നാല്‍ ഈ വാഹനം പൂഞ്ഞാര്‍ ഭാഗത്തുനിന്നും വന്ന് കിടങ്ങൂര്‍ ഭാഗത്തേക്ക് പോയെന്ന് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് പൂഞ്ഞാര്‍ ടൗണിലുള്ള അപകട ദിവസത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് രാവിലെ ഇതേ വാഹനം പാലായില്‍ നിന്നും പൂഞ്ഞാര്‍ ഭാഗത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു. പ്രതി അപകട ശേഷം പോലീസിനെ വഴിതെറ്റിക്കുന്നതിനായി പല ഇടവഴികളിലൂടെയും സഞ്ചരിച്ചാണ് വാഹനം വീട്ടിലെത്തിച്ചത്.  

വീട്ടില്‍ എത്തിച്ച വാഹനം ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിട്ട് നിലയിലായിരുന്നു. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ വര്‍ക്ക് ഷോപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ വാഹനം റിപ്പയര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. 

പാലാ ഡിവൈഎസ്പി KB പ്രഫുല്ല ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പാലാ SHO സുനില്‍ തോമസ്, പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്യാം കുമാര്‍ കെ എസ്, എസ് ഐ തോമസ് സേവ്യര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ചന്ദ്, ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയേയും വാഹനവും പിടികൂടിയത്.

Post a Comment

0 Comments