Latest News
Loading...

കോവിഡ് സംസ്കാര ചടങ്ങിന് നേതൃത്വം നൽകി വനിതാ പഞ്ചായത്ത് മെമ്പർ

പാലാ: കോവിഡ് ശവസംസ്കാര ചടങ്ങിന് നേതൃത്വം നൽകാൻ പി പി ഇ കിറ്റ് ധരിച്ച് വനിതാ പഞ്ചായത്ത് മെംബർ ലിൻസി സണ്ണി വടക്കേപറമ്പിൽ രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാര ചടങ്ങിന് നേതൃത്വം നൽകിയത് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകൂടിയായ ലിൻസി സണ്ണിയായിരുന്നു.

ഉള്ളനാട് റാപ്പിഡ് ഫോഴ്സിൻ്റെ രൂപീകരിച്ചുകൊണ്ടാണ് ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായി മാറിയത്.

ഉള്ളനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റി, വിന്നേഴ്സ് ക്ലബ്ബ്, ലയൺസ് ക്ലബ്ബ് തുടങ്ങിയ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ടാണ് 25 പേരെ ഉൾപ്പെടുത്തിയ ഉള്ളനാട് റാപ്പിഡ് ഫോഴ്സ് പ്രവർത്തന രംഗത്തുള്ളത്.

ഭക്ഷണം, മരുന്ന്, വാഹന സൗകര്യം, കോവിഡ് നടപടിക്രമം പാലിച്ചുകൊണ്ടുള്ള ശവസംസ്ക്കാരം തുടങ്ങിയവ നടത്തി വരുന്നു. കനത്ത മഴയെത്തുടർന്ന് വൈദ്യുതി ലൈനിൽ മരം വീണപ്പോൾ കെ എസ് ഇ ബിയ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കാനും ഇവർ മുന്നോട്ടുവന്നു. ളാലം ബ്ലോക്ക് മെമ്പർ ലാലി സണ്ണി മുഖാന്തിരം നാൽപതിൽപരം കുടുംബങ്ങൾക്ക് ഭക്ഷൃക്കിറ്റുകൾ വിതരണം ചെയ്തു. 

ഉള്ളനാട് പള്ളിക്കെട്ടിടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉള്ളനാട് റാപ്പിഡ് ഫോഴ്സിന് പ്രവർത്തനങ്ങൾക്കായി തോമാച്ചൻ മണക്കാട്ട് സൗജന്യമായി വാഹനം വിട്ടു നൽകിയിട്ടുണ്ട്. ബിനു പെരുമന, ജോഷി പൊട്ടംപറമ്പിൽ, ടോണി കവിയിൽ, സണ്ണി കലവനാൽ, സനുബ് സണ്ണി, ജിനോ റ്റോമി എന്നിവരും ഒപ്പമുണ്ട്.


Post a Comment

0 Comments