Latest News
Loading...

കുറുപ്പന്തറയിലെ പെൺമക്കൾ കുടുംബത്തിന് കൈത്താങ്ങും, കരുതലും ഉറപ്പ് വരുത്തും. - മോൻസ് ജോസഫ്



കടുത്തുരുത്തി: മാതാപിതാക്കളെ കോവിഡ്
 കവർന്നെടുത്തതിനെ തുടർന്ന് മരണമടഞ്ഞ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കുറുപ്പന്തറ കൊച്ചുപറമ്പിൽ ബാബുവിന്റെയും, ഭാര്യ ജോളിയുടെയും നാല് മക്കളും പെൺകുട്ടികൾക്ക് തുണയായിട്ടുള്ള ഭിന്നശേഷിക്കാരിയായ പിതൃ സഹോദരിയും ഉൾപ്പെടുന്ന കുടുംബം അനാഥമാകാതെ സംരക്ഷിക്കപ്പെടുന്നതിന് നാടിന്റെ കൂട്ടായ കൈത്താങ്ങും, കരുതലും ഉണ്ടാകുമെന്ന് വീട്ടിൽ സന്ദർശനം നടത്തിയ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. 
   മാഞ്ഞൂർ പ്രദേശത്തെ വിവിധ ജന പ്രതിനിധികളും, ജന നേതാക്കളും, പൊതുപ്രവർത്തകരും എം.എൽ.എയോടൊപ്പം വീട്ടിൽ എത്തുകയുണ്ടായി. 
   കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ കഴിഞ്ഞ ദിവസം കുട്ടികളുടെ അമ്മ ജോളിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തപ്പോൾ നാല് പെൺമക്കളുടെ സങ്കടകരമായ സാഹചര്യം പരിഹരിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളും, പള്ളി വികാരിയച്ചൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തിരുന്ന കാര്യം മോൻസ് ജോസഫ് വ്യക്തമാക്കി. മലയാള മനോരമയുടെ ഒന്നാംപേജിൽ "അനാഥരായി നാല് പെൺമക്കൾ" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയും മനുഷ്യ സ്നേഹികളായ എവരുടെയും സഹകരണം ലഭിക്കുന്നതിന് സഹായകരമാകും എന്നതിൽ സംശയമില്ല - എംഎൽഎ പറഞ്ഞു.
   മൂത്തമകൾ ചിഞ്ചുവിനും, രണ്ടാമത്തെ മകൾ ദിയാ ബാബുവിനും സ്വകാര്യ ആശുപത്രികളിൽ എത്രയും പെട്ടെന്ന് ജോലി ലഭ്യമാക്കുന്നതിന് വ്യക്തിപരമായി ചെയ്യാവുന്ന സഹായം ലഭ്യമാക്കുമെന്ന് മോൻസ് ജോസഫ് കുടുംബാംഗങ്ങളെ അറിയിച്ചു. ഇക്കാര്യം ഉറപ്പ് വരുത്തിയ ശേഷം വീട്ടുകാരുമായി വീണ്ടും സംസാരിക്കുന്നതാണ്. 
   പ്ലസ്ടുവിന് പഠിക്കുന്ന മൂന്നാമത്തെ മകൾ അഞ്ജുവിന്റെയും, നാലാമത്തെ മകൾ റിയായുടെയും ഭാവി വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവുകളും മുൻ മന്ത്രി പി.ജെ ജോസഫ് എം.എൽ.എ ചെയർമാനായ ഗാന്ധിജി സ്റ്റഡി സെന്റർ ഏറ്റെടുക്കാൻ തയ്യാറാണെന്നുള്ള സന്നദ്ധത അറിയിച്ചതായി മോൻസ് ജോസഫ് കുടുംബാംഗങ്ങളെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വീട്ടിലെത്തുന്ന ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനും, പി.ജെ ജോസഫ് എം.എൽ.എയുടെ മകനുമായ അപു ജോസഫിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്. 
   കുടുംബാംഗങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ടോയ്‌ലറ്റ് സൗകര്യം വീടിനോട് ചേർന്ന് തന്നെ നിർമിക്കണമെന്ന ആവശ്യം മണ്ണാറപ്പാറ പള്ളിയിൽ നിന്ന് ചെയ്ത് കൊടുക്കുമെന്ന് അറിയിച്ചിട്ടുള്ളതായി കുടുംബാംഗങ്ങൾ അറിയിച്ചു.
   പെൺകുട്ടികൾക്ക് തുണയായിരുന്ന ഭിന്നശേഷിക്കാരിയായ പിതൃ സഹോദരി ഷൈബി സേവ്യറിന് സർക്കാർ തലത്തിൽ ജോലി സ്ഥിരപ്പെടുത്തണമെന്നുള്ള ആവശ്യം സർക്കാർ പരിഗണനയ്ക്കായി മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിക്കുമെന്ന് മോൻസ് ജോസഫ് ഉറപ്പ് നൽകി.
   വീടിന്റെ ഇന്നത്തെ അവസ്ഥ പൂർണ്ണമായും സുരക്ഷിതമില്ലാത്തതാണെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടു. വീടിന്റെ ബലക്ഷയം കണക്കിലെടുത്ത് പുതിയ വീട് നിർമ്മിക്കണമെന്നുള്ള ആവശ്യമാണ് പൊതുവേ ചർച്ച ചെയ്യപ്പെട്ടത്. ഇക്കാര്യം വിവിധ സന്നദ്ധ സംഘടനകളുടെയും, മനുഷ്യ സ്നേഹികളായ വ്യക്തികളുടെയും സഹകരണം അഭ്യർത്ഥിച്ച് കൊണ്ട് യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ എന്തു
 ചെയ്യാൻ കഴിയുമെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികൾ പരിശോധിക്കുന്നതാണ്. മാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടി പരമാവധി സഹായം ലഭ്യമാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ലൂക്കോസ് മാക്കീൽ വ്യക്തമാക്കി. 
    മാഞ്ഞൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്മാരായ സുനു ജോർജ്, സി.എം ജോർജ്, ബ്ലോക്ക് മെമ്പർ ആൻസി മാത്യു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലിസ്സി ജോസ്, ബിനോ സഖറിയാസ്, സാലമ്മ ജോളി, ടോമി കാറുകുളം, ജെയിനി തോമസ്, അപ്പച്ചായി പാളിയിൽ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. 

Post a Comment

0 Comments