Latest News
Loading...

അതിഥി തൊഴിലാളികള്‍ക്ക് കരുതല്‍ ഉറപ്പാക്കി തൊഴില്‍ വകുപ്പ്


ലോക്ഡൗണും കോവിഡ് വ്യാപനവും തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് ഊര്‍ജ്ജിതമാക്കി. അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും കോവിഡ് പ്രതിരോധ ബോധവത്കരണവും നടത്തിവരുന്നു.

നിലവിലെ കണക്കു പ്രകാരം ജില്ലയില്‍ ആകെ 7402 അതിഥി തൊഴിലാളികളുണ്ട്. ഇതുവരെ 2250 ഭക്ഷ്യ കിറ്റുകള്‍ ഇവര്‍ക്ക് വിതരണം ചെയ്തു. ഒരു തൊഴിലാളിക്ക് ഒരു കിറ്റ് വീതമാണ് നല്‍കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഇതുവരെ അയ്യായിരം കിറ്റുകളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. 

താലൂക്കുകളിലെ സപ്ലൈകോ ഡിപ്പോകളില്‍ കിറ്റ് തയ്യാറാകുന്ന മുറയ്ക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെയും റവന്യൂ , തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് എത്തിച്ചാണ് നല്‍കുന്നത്.

കോവിഡ് ബാധിതരാകുന്ന തൊഴിലാളികളുടെ ഐസൊലേഷന്‍ ക്രമീകരണവും  പരിചരണവും ഉറപ്പാക്കുന്നതിനും തൊഴില്‍ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. പായിപ്പാട്  മേഖലയില്‍ രോഗം ബാധിച്ചവരെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കങ്ങഴയില്‍ കോവിഡ് സ്ഥിരീകരിച്ച പത്ത് പേർക്ക്  പഞ്ചായത്ത് മുന്‍കൈ എടുത്ത് പ്രത്യേക താമസസ്ഥലം സജ്ജമാക്കി. ഇവര്‍ക്കുള്ള കിറ്റുകള്‍ തൊഴില്‍ വകുപ്പില്‍നിന്ന് എത്തിച്ചു നല്‍കി. 

വകുപ്പിലെ ഉദ്യോഗസ്ഥര്‍ അതിഥി തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വിവര ശേഖരണവും കോവിഡ് പ്രതിരോധ ബോധവത്കരണവും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിതരണവും നടത്തിവരുന്നു.  ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങിയ ഭാഷകളില്‍ തയ്യാറാക്കിയ ബോധവത്കരണ ലഘുലേഖകളും നല്‍കുന്നുണ്ട്. ഇതിനു പുറമെ സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയും ബോധവത്കരണം നടത്തുന്നു. 
അടിയന്തര സാഹചര്യത്തില്‍  സഹായം തേടുന്നതിന്  തൊഴിലാളികള്‍ക്ക്  ജില്ലാ ലേബര്‍ ഓഫീസിലെ  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ് . ഇതിനു പുറമെ പായിപ്പാട് ഫെസിലിറ്റേഷന്‍ സെന്ററും സജ്ജമാക്കിയിട്ടുണ്ട്.

ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ സതീഷ് കുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാരായ പി.ജി.വിനോദ് കുമാര്‍, വി.ബി .ബിജു എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മേല്‍നോട്ടത്തിനായി ജില്ലാ കളക്ടര്‍ അധ്യക്ഷയായ ജില്ലാതല മോണിട്ടറിംഗ് സമതിയുമുണ്ട്.

==============================
തൊഴില്‍ വകുപ്പ് ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍
കണ്‍ട്രോള്‍ റൂം  - 9496007105
ഫെസിലിറ്റേഷന്‍ സെന്റര്‍ -9961040787

Post a Comment

0 Comments