Latest News
Loading...

നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാൻ 'ഷെയർചലഞ്ചു'മായി മാണി സി കാപ്പൻ dhare challenge


പാലാ: കോവിഡ് മഹാമാരിയിൽ ഓൺലൈൻ പഠനോപകരണങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി മാണി സി കാപ്പൻ എം എൽ എ 'ഷെയർ ചലഞ്ച്' പദ്ധതി നടപ്പാക്കുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ പഠന സഹായത്തിനായി എം എൽ എ യെ സമീപിച്ച സാഹചര്യത്തിലാണ് ഷെയർ ചലഞ്ചിന് തുടക്കമിടുന്നത്.

വീടുകളിൽ ചെറിയ തകരാറുകൾമൂലം മാറ്റി വച്ചിട്ടുള്ള ലാപ്ടോപ്പ്, ടാബ്, സ്മാർട്ട് ഫോൺ തുടങ്ങിയവ എം എൽ എ ഓഫീസിൽ എത്തിച്ചാൽ സൗജന്യമായി റിപ്പയർ ചെയ്തു അർഹരായവർക്കു കൈമാറുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇത്തരം വസ്തുക്കൾ എം എൽ എ ഓഫീസിൽ സമാഹരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പഠനോപകരണങ്ങൾ ആവശ്യമുള്ളവർ എം എൽ എ ഹെൽപ്പ്ലൈൻ വാട്ട്സ് ആപ്പ് നമ്പർ വഴി രജിസ്റ്റർ ചെയ്താൽ മുൻഗണനാക്രമമനുസരിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കും.

മരുന്നുകൾ, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയും ഷെയർ ചലഞ്ചിൻ്റെ ഭാഗമായി അർഹതപ്പെട്ടവർക്കു ലഭ്യമാക്കും. ഇത്തരം സാധനങ്ങളും എം എൽ എ ഓഫീസിൽ ഏൽപ്പിക്കാവുന്നതാണ്. വ്യക്തികൾക്കോ സംഘടനകൾക്കോ പുതിയ പഠനഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്കു നേരിട്ടു ലഭ്യമാക്കുന്നമെന്നുണ്ടെങ്കിൽ ഏറ്റവും അർഹരായവരെ കണ്ടെത്തി കൈമാറാനുള്ള സൗകര്യവും ഷെയർചലഞ്ചിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. മരുന്ന്, ഭക്ഷ്യധാന്യങ്ങൾ, മറ്റ് ഏതെങ്കിലും സഹായം എന്നിവയും നേരിട്ടു കൈമാറാനും സൗകര്യം നൽകും.

ചങ്കാണ് പാലാ ക്യാപെയിൻ്റെ ഭാഗമായി എം എൽ എ ഓഫീസുമായി ചേർന്നു പ്രവർത്തിക്കുന്ന കൺട്രോൾറൂമാണ് ഷെയർചലഞ്ച് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമായി 8606905201( വാട്ട്സ് ആപ്പ്), 8606908280 എന്നീ നമ്പരുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മാണി സി കാപ്പൻ അറിയിച്ചു. ഇക്കാര്യത്തിൽ എല്ലാവരും സഹായിക്കാൻ തയ്യാറാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.

ചടങ്ങുകളിൽ നൽകുന്ന ഷാളുകളും പൂ ചെണ്ടുകളും ഒഴിവാക്കി പകരം പഠനോപകരണ ലഭ്യമാക്കണമെന്ന  മാണി സി കാപ്പൻ്റെ അഭ്യർത്ഥനയെത്തുടർന്നു കഴിഞ്ഞ വർഷങ്ങളിൽ നിരവധി കുട്ടികൾക്കു പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാധിച്ചിരുന്നു.

Post a Comment

0 Comments