കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി കേരളാ പൊലീസും. തെരഞ്ഞെടുപ്പ് ആഘോഷത്തിന്റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തല്‍, നിര്‍ദേശം ലംഘിച്ച് വാഹനം ഓടിക്കല്‍, പൊലിസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നിവ കേസിന്റെ പരിധിയില്‍ ഉള്‍പ്പെടും. താഴെത്തട്ടുമുതല്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കത്തുനല്‍കിയിട്ടുണ്ട്.
കൂട്ടം ചേര്‍ന്നുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് പുറമേ ഒറ്റയാള്‍ പ്രകടനവും വേണ്ടെന്ന് പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവിമാര്‍ നേരിട്ടാണ് നിയന്ത്രണത്തിന്റെ ചുമതല വഹിക്കുന്നത്. ഡിസിപി, എസിപി, എസ്‌പി, ഡിവൈഎസ്‌പി എന്നിവക്ക് പ്രത്യേകം ചുമതലകളും നല്‍കിയിട്ടുണ്ട്. എല്ലാ ജങ്ഷനുകളിലും പൊലീസിന്റെ സാന്നിധ്യമുണ്ടാകും.
0 Comments