Latest News
Loading...

പാലാ സെന്റ് തോമസ് സ്കൂൾ ശതോത്തര രജത ജൂബിലിക്ക് തുടക്കം


പാലാ: എല്ലാ വിഭാഗം ആളുകളെയുംസഹോദര ഭാവേന സ്വീകരിക്കുന്ന മീനച്ചിലിന്റെ തനതു പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രയാണമാണ് പാലാ സെന്റ്. തോമസ് സ്കൂൾ 125 വർഷമാ യി നടത്തുന്നതെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. വിദ്യാഭ്യാസം ആഗ്രഹിച്ച് ഇവിടെ എത്തിയ ഏവർക്കും പ്രവേശനം നൽകിയ വിദ്യാലയമാണിത്. വയലിൽ പിതാവിന്റെ ദീർഘവീക്ഷണമാണ് പാലായുടെ സംസ്കാരത്തെ ഇത്ര സമ്പന്നമാക്കുന്ന രീതിയിൽ ഇവിടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപപ്പെടാൻ കാരണമാക്കിയത്. സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽകുന്ന ശതോത്തര രജത ജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിതാവ്. 

സ്കൂളിന്റെ നിർമ്മിതിക്കായി മരം മുറിക്കുന്നതിന് രാജകുടുംബത്തിന്റെ അനുവാദം വേണ്ടിവന്നുവെന്നത് മനുഷ്യന്റെ നിലനിൽപ്പിന് പ്രകൃതിയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന ബോധ്യം അന്നത്തെ , ഭരണകർത്താക്കൾക്കുണ്ടായിരുന്നുവെന്നതിന്റെ സൂചനയാണെന്നും പാലായെ സമൃദ്ധമാക്കുന്നത് മീനച്ചിലാറാണെന്നും മീനച്ചിലാറിന്റെ ഒഴുക്കിനൊപ്പമുള്ള ചരിത്രമാണ് സെന്റ് .തോമസ് സ്കൂളിന്റേതെന്നും പിതാവ് കൂട്ടിച്ചേർത്തു. 



ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. പാലാ നഗരസഭ അധ്യക്ഷൻ ശ്രീ. ആന്റോ ജോസ് പടിഞ്ഞാറെക്കര മുഖ്യാതിഥിയായിരുന്നു. പാലാ കോർപ്പറേറ്റ് സെക്രട്ടറി റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, സെന്റ് തോമസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.സി. തങ്കച്ചൻ, പി. ടി. എ. പ്രസിഡന്റ് ശ്രീ. ബിനോയ് തോമസ് എന്നിവർ ആശംസ അർപ്പിച്ചു. 

'ഓർമ്മക്കൂട്' എന്ന പൂർവ്വവിദ്യാർത്ഥി സംഘടന നിർദ്ധന വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് തുക സ്കൂൾ അധികൃതരെ ഏൽപിച്ചു. നിർധന രോഗികൾക്കായി 125 ഡയാലിസിസ് കിറ്റുകൾ ലയൺസ് ക്ലബ് ഭാരവാഹികൾ സ്കൂളിന് കൈമാറി. ഡോ.സി. പ്രിൻസിയുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തയ്യാറാക്കിയ 'കെമിസ്ട്രി ഡോട്ട് കോം'എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും തദവസരത്തിൽ നടന്നു. യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. മാത്യു എം. കുര്യാക്കോസ് സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജ് കുട്ടി ജേക്കബ് നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും ഉൾപ്പെടെ മുൻ തലമുറയിലെ നിരവധിപേർ ഓർമ്മകൾ പങ്കുവച്ച് ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments