Latest News
Loading...

ഈരാറ്റുപേട്ട നഗരമേഖലയില്‍ റോഡുകള്‍ തകര്‍ന്നു


ഈരാറ്റുപേട്ട നഗരഹൃദയത്തിലടക്കം റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായി. നഗരത്തിലെ കുഴികള്‍ കയറിയിറങ്ങാന്‍ വാഹനങ്ങള്‍ സമയമെടുക്കുന്നതോടെ ഗതാഗതക്കുരുക്കും രൂപപ്പെടുകയാണ്. പലതവണ കുഴിയടയ്ക്കല്‍ നടത്തിയെങ്കിലും ഇതേ ഭാഗങ്ങള്‍തന്നെ വീണ്ടും പൊളിഞ്ഞിളകുകയാണ്. 

സെന്‍ട്രല്‍ ജംഗ്ഷനില്‍ അഹമ്മദ് കുരിക്കള്‍ നഗര ഭാഗത്ത് വലിയ കുഴികളാണ് രൂപംകൊണ്ടിരിക്കുന്നത്. നേരത്തെയും ഇവിടെ റോഡ് തകരുന്നത് പതിവാണ്. താല്‍ക്കാലികമായി റെഡിമിക്‌സ് ടാര്‍ ഉപയോഗിച്ച് ഇവിടെ മൂടിയെങ്കിലും ജനുവരിയിലടക്കം പെയ്ത മഴയില്‍ ഇത് പൊളിയുകയായിരുന്നു. മാര്‍ക്കറ്റ് റോഡിലേയ്ക്കുള്ള പേവ്‌മെന്റ് ടൈലുകളും ഇളകിയ നിലയിലാണ്. റോഡ് കുഴിഞ്ഞതോടെ നാല്‍ക്കവലയായ ഇവിടെ വാഹനങ്ങള്‍ സാവധാനം കടന്നുപോകുന്നത് വലിയ ഗതാതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. 

തടവനാല്‍ ബൈപ്പാസ് ഭാഗമാണ് മറ്റൊരു പ്രധാന തകര്‍ച്ചാകേന്ദ്രം. വളവോടു കൂടിയ ഇവിടെ റോഡ് ഉയര്‍ന്നുംതാഴ്ന്നും കിടക്കുന്നത് വാഹനയാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു. തീക്കോയി ഭാഗത്ത് നിന്നും വന്ന് പാലത്തിലേയ്ക്ക് കയറുന്ന ഭാഗത്ത് ടാറിംഗ് ഇളകിമാറി വലിയ കട്ടിംഗും രൂപപ്പെട്ടിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ഇവിടെ റോഡ് വലിയതോതില്‍ കുഴിയായി മാറിയിട്ടുണ്ട്. ഇവിടെയും മുന്‍പ് കുഴിയടയ്ക്കല്‍ നടത്തിയിരുന്നു. 

വളവുകള്‍ കേന്ദ്രീകരിച്ചാണ് റോഡ് കൂടുതലും തകരുന്നത്. പോലീസ് സ്‌റ്റേഷന് സമീപം എല്‍ഐസി ഓഫീസിന് സമീപത്തെ ബസ് സ്റ്റോപ്പിലും റോഡ് കുണ്ടും കുഴിയുമാണ്. ഹംമ്പുകളിലൂടെ കടന്നുപോകുന്ന പ്രതീതിയാണ് ഇതുവഴി സഞ്ചരിക്കുമ്പോഴുണ്ടാവുക. റിംസ് ആശുപത്രിയ്ക്ക് മുന്നിലെ വളവിലും ഇതേ അവസ്ഥയാണ്. കടുവാമൂഴിയിലെ വാകമരത്തിന് കീഴിലും റോഡ് പൊളിഞ്ഞിളകിയ നിലയിലാണ്.

Post a Comment

0 Comments