Latest News
Loading...

പിതാവ് ചെറിയാൻ ജെ കാപ്പനെക്കുറിച്ചുള്ള ഓർമ്മകളുമായി മാണി സി കാപ്പൻ



പാലാ: ഫാദേഴ്സ് ഡേ ദിനത്തിൽ പിതാവായ ചെറിയാൻ ജെ കാപ്പനെക്കുറിച്ചുള്ള ഓർമ്മകളുമായി മാണി സി കാപ്പൻ എം എൽ എ. ആദർശശാലിയായ പൊതു പ്രവർത്തകനോടുള്ള ബഹുമാനമായിരുന്നു തനിക്ക് അച്ചാച്ചനോടു ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സ്വാതന്ത്ര്യ സമരമുൾപ്പെടെയുള്ള സമയങ്ങളിൽ സ്വന്തം കുടുംബത്തെക്കാളുപരി നാടിനും സമൂഹത്തിനുമാണ് പിതാവ് പരിഗണന നൽകിയിരുന്നത്. സ്വന്തമായി ഒരു ജീവിതമാർഗ്ഗം കണ്ടെത്തിയതിന് ശേഷമേ പൊതുപ്രവർത്തകനാകാവൂ എന്ന ഉപദേശമാണ് അഭിഭാഷകനായ പിതാവ് നൽകിയതെന്ന് അദ്ദേഹം ഓർമ്മിച്ചു. രാഷ്ട്രീയത്തെ ജീവിതമാർഗ്ഗമായി കാണരുതെന്ന് പിതാവ് ഉറച്ചു വിശ്വസിച്ചിരുന്നു.

പിതാവിൻ്റെ പേരിൽ കിട്ടുന്ന സ്നേഹം സന്തോഷം പകരാറുണ്ട്. ജനപ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ പിതാവിൻ്റെ പേരിന് കോട്ടം വരാതെ പ്രവർത്തിക്കണമെന്നത് ഉത്തരവാദിത്വമായി കരുതുകയാണെന്നും മാണി സി കാപ്പൻ തൻ്റെ കുറിപ്പിൽ പറയുന്നു. 

എത്ര മുതിർന്നാലും ചില കാര്യങ്ങളിൽ എന്നും നമ്മുടെ മാതാപിതാക്കളുടെ കൊച്ചു മക്കൾ തന്നെയായിരിക്കും. പിതാ വാണ് തൻ്റെ ഹീറോ. അച്ചാച്ചൻ എത്ര നല്ല പൊതുപ്രവർത്തകനായിരുന്നുവോ അതിൻ്റെ പകുതിയെങ്കിലും ആവാൻ സാധിച്ചാൽ താൻ സന്തുഷ്ടനാണെന്നും കാപ്പൻ കുറിച്ചു.

സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, കത്തോലിക്കാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, പാലാ മുനിസിപ്പൽ ചെയർമാൻ, നിയമസഭാംഗം, ലോക്സഭാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ചെറിയാൻ ജെ കാപ്പനെക്കുറിച്ചുള്ള ഓർമ്മകളാണ് മാണി സി കാപ്പൻ പങ്കുവച്ചത്.