മലയോരമേഖലകള്‍ ഉള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളിലടക്കം ജലക്ഷാമം രൂക്ഷമായി. കോട്ടയം ജില്ലയിലെ പ്രധാന ജലസ്രോതസായ മീനച്ചിലാറ്റില്‍ പലയിടത്തും തുള്ളവെള്ളം പോലുമില്ല. ചെക്ക്ഡാമുകള്‍ ഉള്ളിയടങ്ങളില്‍ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. കാര്‍ഷികമേഖലയും ഇത്തവണ പിടിച്ചുനില്‍ക്കാനാകില്ലെന്ന ആശങ്കയിലാണ്.
പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ മീനച്ചിലാര്‍ ഇന്ന് വരണ്ടുണങ്ങിയ നിലയിലാണ്. ഉദ്ഭവകേന്ദ്രമായ പൂഞ്ഞാര്‍ മുതല്‍ പാലാ വരെ പലയിടങ്ങളിലും വെള്ളം കാണാനേയില്ല. വിവിദ വകുപ്പുകള്‍ നിര്‍മിച്ച ചെക്കഡാമുകളും വരണ്ടുണങ്ങി. വേനലെത്തുംമുന്‍പേ ചെക്ക്ഡാമുകള്‍ അടയ്ക്കാത്തതും തിരിച്ചടിയായി. തീരത്ത് കുഴികള്‍കുത്തി ജലവിതരണം ആഴ്ചകള്‍ക്ക് മുന്‍പേ ആരംഭിച്ചു. എന്നാല്‍ ഇതും ഉടനേ നിലയ്ക്കുമെന്ന ആശങ്കയുണ്ട്.
മലയോരമേഖലകളില്‍ കൃഷികള്‍ കരിഞ്ഞുണങ്ങുകയാണ്. വെള്ളം അത്യാവിശമായ ജാതി, കുരുമുളക് എന്നിവ ഇലകൊഴിഞ്ഞ് വാടിയ നിലയിലാണ്. അസഹ്യമായ ചൂടും മലയോരത്തെ പൊള്ളിക്കുകയാണ്.
ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നതിനു വന്‍തുക മുടക്കുകയാണ് മലയോരജനത. തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളും പലതും ജലമില്ലാതെ പ്രവര്‍ത്തനം നിലച്ചു. വേനല്‍ തുടരുമെന്ന വാര്‍ത്തകളില്‍ ആശങ്കപ്പെടുകയാണ് കര്‍ഷകര്‍.

