ഈരാറ്റുപേട്ട നഗരസഭയുടെ പരിപാടികളില്‍ പി.സി ജോര്‍ജ്ജിനെ പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തിയെങ്കിലും ഒടുവില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രഖ്യാപന പരിപാടിയില്‍ പി.സി ജോര്‍ജ്ജെത്തി. നഗരസഭയുടെ ഒരു പരിപാടികളിലും പങ്കെടുപ്പിക്കില്ലെന്ന കര്‍ശന നിലപാടെടുത്ത ചെയര്‍മാന് മുന്നില്‍ ജോര്‍ജ്ജ് വിജയിച്ചുവെങ്കിലും വേദി പങ്കിടാന്‍ ചെയര്‍മാന്‍ തയാറായില്ല. പകരം പരിപാടിയ്ക്ക് എത്തിയവര്‍ക്കൊപ്പമാണ് വി.എം സിറാജ് പരിപാടിയില്‍ പങ്കെടുത്തത്.
ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തീകരണവേദിയിലായിരുന്നു സംഭവം. യോഗത്തില്‍ സംസാരിച്ച പിസി ജോര്‍ജ്ജ് വിഎം സിറാജിനെതിരെ ശക്തമായി പ്രതികരിച്ചു. നിലവിട്ട് പെരുമാറരുതെന്നും ഇരിക്കേണ്ട സ്ഥാനത്ത് ഇരിക്കണമെന്നുമടക്കം ജോര്‍ജ്ജ് പ്രതികരിച്ചു. ലൈഫ് പദ്ധതിയ്ക്ക് ആവശ്യമായ തുക വായ്പ തരപ്പെടുത്തിയത് താനാണെന്ന് എംഎല്‍എ ആവര്‍ത്തിച്ചു. പ്രസംഗത്തിന് പിന്നാലെ ജോര്‍ജ്ജ് വേദി വിടുകയും ചെയ്തു. ചിലതൊക്കെ വിളിച്ചുപറയേണ്ടിവരുമെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
ലൈഫ് പദ്ധതി പ്രഖ്യാപനത്തിന് ശേഷം സംസാരിച്ച സിറാജ് അതേ നാണയത്തില്‍ തിരിച്ചടിച്ചു. ജനപ്രതിനിധികളെ വിളിക്കണമെന്നുള്ളത് കൊണ്ട് മാത്രാണ് എംഎല്‍എയെ വിളിച്ചത്. വായ്പ ആരുടെയും ഔദാര്യമല്ല. നഗരസഭയ്ക്ക് സര്‍ക്കാര്‍ നല്‍കിയതാണ്. വൃത്തികേടുകള്‍ പറയുന്നതിന് പരിധിയുണ്ട്. ഇവിടെ പലരുടെയും ഇടപാടുകള്‍ പറയേണ്ടിവരുമെന്ന് സിറാജ് പറഞ്ഞതോടെ പി.യസി ജോര്‍ജ്ജ് അനുകൂലിയായ കൗണ്‍സിലര്‍ ഹസീബ് ഇടപെട്ടു. ഇതോടെ വാക്കുതര്‍ക്കവും രൂക്ഷമായി. ഇതേ തുടര്‍ന്ന് പരിപാടിയ്‌ക്കെത്തിയവര്‍ ഇറങ്ങിപ്പോയി.
സമുദായത്തെ ഒന്നടങ്കം അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയെ നഗരസഭ അകറ്റിയത്. എല്ലാവരുമെടുത്ത തീരുമാനം അനുസരിക്കാതിരിക്കാന്‍ തനിയ്ക്ക് പറ്റില്ലെന്നാണ് ചെയര്‍മാന്‍രെയും നിലപാട്. എംഎല്എയുമായുള്ള പ്രശ്‌നങ്ങള്‍ ഉടനെങ്ങും അവസാനിക്കില്ലെന്ന സൂചനയാണ് ഈ സംഭവവും വ്യക്തമാക്കുന്നത്.



