Latest News
Loading...

ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം




തീക്കോയി: ഒരു നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യം പേറുന്ന തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം. സമാപന ദിവസമായ ഇന്നലെ (ഞായർ) വൈകിട്ട് കൽക്കുരിശ് വെഞ്ചരിപ്പിന് ശേഷം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന നടന്നു.
തുടർന്ന് നടന്ന ശതാബ്ദി ആഘോഷ സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. 



.മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശതാബ്ദി സ്മരണികയായ ‘അമ്മൂദ് ഏശ്’ സുവനീറിന്റെയും ഇടവകയുടെ പുതിയ വെബ്സൈറ്റിന്റെയും പ്രകാശനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. ഇടവക വികാരി വെരി റവ. ഡോ. ജോർജ്ജ് വെട്ടുകല്ലേൽ സ്വാഗതവും ജനറൽ കൺവീനർ ജോജോ ജോസഫ് പുന്നപ്ലാക്കൽ നന്ദിയും പറഞ്ഞു.
എം.എൽ.എ. ശ്രീ. സെബാസ്റ്റ്യൻ എം.ജെ, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം.എസ്., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ കുട്ടപ്പൻ, വാർഡ് മെമ്പർ കെ.സി. ജെയിംസ്, പാലാ രൂപത പിതൃവേദി പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട് എന്നിവർ ആശംസകൾ നേർന്നു.




.സമ്മേളനത്തിന് മുന്നോടിയായി സെന്റ് മേരീസ് സൺഡേ സ്കൂൾ കുട്ടികൾ അവതരിപ്പിച്ച പ്രയർ ഡാൻസ്, ജൂബിലി ഗാനാലാപനം, ഇടവകയുടെ ചരിത്രം അനാവരണം ചെയ്യുന്ന 'ശതാബ്ദി ഇന്നലെകളിലൂടെ' എന്ന വീഡിയോ പ്രദർശനം എന്നിവ നടന്നു. തുടർന്ന് സ്നേഹവിരുന്നും കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച 'മറിയം' എന്ന നാടകവും അരങ്ങേറി. ശനിയാഴ്ച നടന്ന ഇടവകാംഗങ്ങളുടെ കലാവിരുന്നായ 'സിംഫോണിയ'യും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
1926 നവംബർ 28-ന് രൂപീകൃതമായ തീക്കോയി ഇടവക 1957-ൽ അരുവിത്തുറ ഫൊറോനയുടെ ഭാഗമാവുകയും 2005 ജൂലൈ 3-ന് ഫൊറോനയായി ഉയർത്തപ്പെടുകയും ചെയ്തു. ഇതുവരെ 30 വികാരിമാരും 51 അസിസ്റ്റന്റ് വികാരിമാരും ഇടവകയെ നയിച്ചിട്ടുണ്ട്. ഇടവകയിൽ നിന്നുള്ള 50-ഓളം വൈദികരും 150-ഓളം സന്യാസിനികളും സഭയുടെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. 



.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 101 കുരിശിന്റെ അകമ്പടിയോടെയുള്ള പ്രദക്ഷിണം, 1500 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കം, കുടുംബ നവീകരണ ധ്യാനം, പോപ്പുലർ മിഷൻ ധ്യാനം, വിവിധ സംഗമങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു.
വികാരി വെരി റവ. ഡോ. ജോർജ്ജ് വെട്ടുകല്ലേൽ, അസി. വികാരി ഫാ. ജേക്കബ് കരീനാട്ട്, കൈക്കാരന്മാരായ പയസ് ജേക്കബ് കൊച്ചുപുരയ്ക്കൽ, പി.സി. ജോവിനസ് പുളിക്കൽ, ടോണി ജോസഫ് പൊട്ടനാനിയിൽ, എ.ജെ. ജോർജ് ഐമനത്തിൽ, ജനറൽ കൺവീനർ ജോജോ ജോസഫ് പുന്നപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

Post a Comment

0 Comments