മരങ്ങാട്ടുപിള്ളി: കാർഷിക പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രാമോത്സവമായ **കാർഷികോത്സവ് 2026** ഡിസംബർ 3, 4, 5 തീയതികളിൽ നടക്കും. 'കാർഷിക സംസ്കാരം പുതുതലമുറയിലേക്ക്' എന്ന സന്ദേശമുയർത്തി മൂന്ന് ദിവസം നീളുന്ന മേളയിൽ കാർഷിക, സാംസ്കാരിക, വിനോദ പരിപാടികൾ ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പാരിഷ് ഹാളിലാണ് പരിപാടികൾ അരങ്ങേറുക. കൃഷിവകുപ്പ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കാർഷിക വികസന സമിതി, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക്, കുടുംബശ്രീ, വിവിധ കർഷക കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
.പഞ്ചായത്തിലെ മികച്ച മൂന്ന് സമ്മിശ്ര കർഷകരെ ചടങ്ങിൽ ആദരിക്കും. കൂടാതെ മാണി മാണി പുരയിടത്തിൽ മെമ്മോറിയൽ, ഫാ. തോമസ് മേൽവട്ടം മെമ്മോറിയൽ, കെ.ജി. തങ്കപ്പൻ കല്ലോലിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്യും.
കാർഷിക സെമിനാറുകൾ, മെഡിക്കൽ ക്യാമ്പ്, വിപണനമേള, സൗജന്യ പച്ചക്കറിത്തൈ വിതരണം, വിളംബര ഘോഷയാത്ര, കലാസന്ധ്യ തുടങ്ങിയവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മന്ത്രിമാർ, എം.പി.മാർ, കലാകാരന്മാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
.കാർഷിക വിളകൾക്കും വിവിധ മത്സരങ്ങൾ
കാർഷിക വിളകൾക്കായി പ്രത്യേക മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. കർഷകർക്കും വിദ്യാർത്ഥികൾക്കുമായി കാർഷിക ക്വിസ്, 60 വയസ്സിന് മുകളിലുള്ളവർക്കായി പ്രത്യേക മത്സരങ്ങൾ, കലാ-കായിക മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
കസേരകളി, വെയിറ്റ് ബാലൻസിംഗ്, കലംപൊട്ടിക്കൽ, ഓലമെടയൽ, തേങ്ങാപൊതിക്കൽ, സൗഹൃദ വടംവലി തുടങ്ങിയ മത്സരങ്ങളും കാർഷികോത്സവത്തിന് ആവേശം പകരും.
മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 25-ന് വൈകുന്നേരം നാലിന് മുമ്പായി അതത് വാർഡ് മെമ്പർമാർ മുഖേനയോ കൃഷിഭവനിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം, വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാ ബാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ്മോൻ ഇടത്തടത്തിൽ, മെമ്പർമാരായ തുളസീദാസ്, ജോസ് കുറുമുട്ടം, റോബിൻ കരിപ്പാത്ത്, അനു ഷിബു, മമത ഹരികുമാർ, കാർഷികോത്സവ് കോ-ഓർഡിനേറ്റർ റോബിൻ കല്ലോലിൽ, കൃഷി അസിസ്റ്റന്റ് അഞ്ജു തോമസ്, കാർഷികോത്സവ കമ്മിറ്റി അംഗം ടി.എസ്. ജയിംസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





0 Comments