Latest News
Loading...

പെട്രോൾ പമ്പിലെ ഡീസൽ ബില്ലിൽ 'B5' രേഖപ്പെടുത്തൽ; ഡീസലിൽ ബയോഡീസൽ കലർത്തുന്നുണ്ടോ?

 


ഡീസൽ വിതരണ രേഖയിൽ HSD BS VI (B5) എന്ന് രേഖപ്പെടുത്തിയതോടെ ഇന്ധനത്തിലെ ബയോഡീസൽ സാന്നിധ്യം സംബന്ധിച്ച് ചർച്ചകൾ സജീവമാകുന്നു. ജില്ലയിലെ എച്ച് പി സി എൽ പെട്രോൾ പമ്പിലേക്ക് ഇന്ധനവുമായി എത്തിയ ടാങ്കറിന്റെ ഡെലിവറി രേഖയിലാണ് HSD BS VI (B5) എന്ന രേഖപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടത്. 

ഡീസലിൽ അഞ്ച് ശതമാനം ബയോഡീസൽ കലർത്തിയ മിശ്രിതത്തെയാണ് പൊതുവെ B5 എന്ന് വിളിക്കുന്നത്. സാധാരണ ഡീസലിനൊപ്പം സസ്യ എണ്ണകളിൽനിന്നോ ഉപയോഗിച്ച പാചക എണ്ണയിൽനിന്നോ ഉൽപ്പാദിപ്പിക്കുന്ന ബയോഡീസൽ ചേർത്താണ് ഇത്തരം ഇന്ധനം തയ്യാറാക്കുന്നത്.


.രാജ്യത്തെ ദേശീയ ജൈവ ഇന്ധന നയം അനുസരിച്ച് 2030-ഓടെ ഡീസലിൽ അഞ്ച് ശതമാനം ബയോഡീസൽ കലർത്തുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. 2022-ൽ ഭേദഗതി ചെയ്ത നയത്തിലും ഈ ലക്ഷ്യം ആവർത്തിച്ചിട്ടുണ്ട്. അതേസമയം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ IS 1460:2017 പ്രകാരം ഡീസലിൽ ഏഴ് ശതമാനം വരെ ബയോഡീസൽ കലർത്താൻ വ്യവസ്ഥയുണ്ട്.




ഡെലിവറി രേഖയിൽ B5 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പമ്പിലെത്തുന്ന ഉപഭോക്താക്കൾക്ക് ഇന്ധനത്തിലെ ബയോഡീസൽ മിശ്രണത്തിന്റെ അളവ് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇന്ധനത്തിന്റെ ഗുണനിലവാരം, വാഹനങ്ങളുടെ പ്രവർത്തനക്ഷമത, ഉപഭോക്താക്കൾക്ക് നൽകേണ്ട വിവരങ്ങൾ എന്നിവയിലും വ്യക്തത ആവശ്യമാണ്.




.എന്നാൽ രേഖയിലെ B5 എന്ന പരാമർശം മാത്രം ഉപയോഗിച്ച് ഈ ബാച്ചിൽ കൃത്യമായി അഞ്ച് ശതമാനം ബയോഡീസൽ കലർത്തിയിട്ടുണ്ടെന്ന് അന്തിമമായി സ്ഥിരീകരിക്കാനാവില്ല. എണ്ണക്കമ്പനിയുടെ ഔദ്യോഗിക വിശദീകരണമോ ഗുണനിലവാര പരിശോധനാ റിപ്പോർട്ടോ ആവശ്യമാണ്. ഡീസൽ വിതരണത്തിൽ ബയോഡീസൽ മിശ്രണം നടക്കുന്നുണ്ടെങ്കിൽ അതിന്റെ അളവ്, വിതരണരീതി, ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനം എന്നിവയിൽ കൂടുതൽ സുതാര്യത വേണമെന്ന ആവശ്യവും ഉയരുകയാണ്. പുതിയ വാഹനങ്ങൾ ബയോ ഡീസൽ കലർന്ന ഇന്ധനത്തിന് അനുയോജ്യമാണെങ്കിലും പഴയ വാഹനങ്ങൾക്ക് ഇത് എത്രത്തോളം അനുയോജ്യമാണെന്ന് ചോദ്യവും ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യൂ


Post a Comment

0 Comments