Latest News
Loading...

റബ്ബർബോർഡ് ‘റിഫോംസ് ഉത്സവ് 2026’ -ന്റെ ഭാഗമായി ‘ഐ.എൻ.ആർ. കണക്റ്റ്’ അവതരിപ്പിച്ചു



 ‘ഐ.എൻ.ആർ. കണക്റ്റ്’ (INR Konnect) റബ്ബർ മേഖലയിലുള്ളവർക്ക് പരിചയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കോട്ടയം പുതുപ്പള്ളിയിലെ ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽ വച്ച് നടന്ന പ്രചാരണപരിപാടി റബ്ബർബോർഡ് ചെയർമാൻ എൻ. ഹരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, ‘റിഫോംസ് ഉത്സവ് 2026’ (Reforms Utsav 2026)-ന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 റബ്ബറുത്പാദകസംഘങ്ങളുടെ ഭാവി യുവതലമുറയെ റബ്ബർകൃഷിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും പുതിയ വ്യവസായസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.


.റബ്ബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തകേശൻ ഐ.ആർ.എസ്. യോഗത്തിൽ ‘ഐ.എൻ.ആർ. കണക്റ്റ്’ അവതരിപ്പിച്ചു. ടാപ്പുചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുടെ ഉടമകളെയും ടാപ്പർമാരെയും സഹായിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു പ്ലാറ്റ്ഫോം രൂപവത്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ മേഖലയിലുള്ളവരാണ് ഈ സംരംഭത്തെ ഇനി മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് സൂചിപ്പിച്ച അദ്ദേഹം ഈ സംവിധാനത്തെ കൂടുതൽ ഫലപ്രദമാക്കുന്നതിന് ഗുണഭോക്താക്കളിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നതാണെന്നും അറിയിച്ചു.

സർക്കാർസ്ഥാപനങ്ങളിലെ നൂതനപരിപാടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സേവനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുക, പദ്ധതികളുടെ പ്രയോജനങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കുക എന്നീ ലക്ഷ്യങ്ങളോടെ ഭാരതസർക്കാർ സംഘടിപ്പിക്കുന്ന ‘റിഫോംസ് ഉത്സവ്’-ന്റെ ഭാഗമായിട്ടാണ് “റബ്ബർ മേഖലയിലുള്ളവർക്ക് INR Konnect പരിചയപ്പെടുത്തൽ” എന്ന വിഷയത്തിൽ റബ്ബർബോർഡ് ബോധനപരിപാടി സംഘടിപ്പിച്ചത്.


.റബ്ബർകർഷകർ, റബ്ബർടാപ്പർമാർ, തോട്ടങ്ങൾ ഏറ്റെടുത്ത് ടാപ്പിംഗ് നടത്താൻ താൽപര്യമുള്ള ഏജൻസികൾ എന്നിവരെ ‘INR Konnect’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിനെക്കുറിച്ച് പരിചയപ്പെടുത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഈ മേഖലയിലുള്ളവരെ തമ്മിൽ ബന്ധിപ്പിക്കുകയും ടാപ്പുചെയ്യാതെ കിടക്കുന്ന റബ്ബർതോട്ടങ്ങൾ ഏറ്റെടുത്ത് ടാപ്പിംഗ് നടത്തി ഉത്പാദനത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായിക്കുകയും ചെയ്യുന്നതിനായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമാണ് INR Konnect.

ടാപ്പിംഗ് ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ള ഏജൻസികളെയും ടാപ്പർമാരെയും തോട്ടമുടമകളുമായി ബന്ധിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ടാപ്പിംഗ് തൊഴിലാളികളുടെ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാൽ വളരെയധികം റബ്ബർതോട്ടങ്ങൾ ഇപ്പോഴും ടാപ്പുചെയ്യപ്പെടാതെ കിടക്കുന്നു. പ്രകൃതിദത്ത റബ്ബർ മേഖലയിലെ തോട്ടമുടമകൾ, റബ്ബർടാപ്പർമാർ, ടാപ്പിംഗ് ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ള ഏജൻസികൾ എന്നിവരെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ സംവിധാനമൊരുക്കുക എന്നതാണ് INR Konnect ലക്ഷ്യമിടുന്നത്.



.ടാപ്പുചെയ്യപ്പെടാതെ കിടക്കുന്ന തോട്ടങ്ങളെ ടാപ്പിംഗിലേക്ക് കൊണ്ടുവരുന്നതിലൂടെ നിലവിലുള്ള തോട്ടങ്ങളിൽനിന്നുതന്നെ പരമാവധി വിളവെടുപ്പ് നടത്തി പ്രകൃതിദത്ത റബ്ബറുത്പാദനം വർധിപ്പിക്കാനാകും. ഇതുവഴി റബ്ബർടാപ്പർമാർക്കും തോട്ടങ്ങൾ ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്കും അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും തോട്ടമുടമകൾക്ക് നിലവിലുള്ള വിഭവങ്ങൾ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനാകുകയും ചെയ്യും.

ഡോ. സിജു ടി. (റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ) സദസ്സിനെ സ്വാഗതം ചെയ്തു. മനോജ് കുമാർ വി. (അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസർ) ‘ഐ.എൻ.ആർ. കണക്റ്റ്’-നെക്കുറിച്ചും അതിന്റെ പ്രവർത്തനരീതിയെക്കുറിച്ചും വിശദീകരിച്ചു. ഷാജിമോൻ ജോസഫ് (കർഷക പ്രതിനിധി), വി.പി. ഫിലിപ്പ് (ടാപ്പർ പ്രതിനിധി), ഗോപകുമാർ സി. (ജി. ആൻഡ് ജി. റബ്ബേഴ്സ്), സനിൽകുമാർ എൻ. (മാനേജിംഗ് ഡയറക്ടർ, സഹ്യാദ്രി റബ്ബേഴ്സ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു. റബ്ബർ മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുകയും തുടർന്നു നടന്ന ആശയവിനിമയ സെഷനിൽ സജീവമായി ഇടപെടുകയും ചെയ്തു. ശൈലജ കെ. (ജോയിന്റ് റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ) നന്ദി പറഞ്ഞു.




Post a Comment

0 Comments