മിന്നലേറ്റ് ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ട ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തനോടുള്ള സ്നേഹവും ആത്മബന്ധവും അവന്റെ വേർപാടിലും കൈവിടാതെ ഉടമകളും കുടുംബാംഗങ്ങളും. ചിതയിൽ എരിഞ്ഞടങ്ങിയ ബ്രഹ്മദത്തന്റെ അസ്ഥികളുമായി തിരുനാവായയിലെത്തിയ പല്ലാട്ട് കുടുംബം നിളയുടെ പുണ്യതീരത്ത് അന്ത്യകർമങ്ങൾ നടത്തി.
.ഈരാറ്റുപേട്ട മേലമ്പാറയിലെ പല്ലാട്ട് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്മദത്തൻ കഴിഞ്ഞ നാലിനാണ് മിന്നലേറ്റ് ചരിഞ്ഞത്. കുടുംബത്തിലെ ഒരംഗത്തെപ്പോലെ സ്നേഹിച്ചിരുന്ന ആനയ്ക്ക് പതിവിൽനിന്നു വ്യത്യസ്തമായി എല്ലാ ചടങ്ങുകളും പൂർത്തിയാക്കി ദഹിപ്പിച്ചാണ് സംസ്കരിച്ചത്. തുടർന്ന് ബുധനാഴ്ച സഞ്ചയനവും നടത്തി. ചിതയിൽനിന്ന് ശേഖരിച്ച അസ്ഥികളുമായാണ് കുടുംബാംഗങ്ങൾ ഇന്നലെ തിരുനാവായയിലെത്തിയത്.
.നിളയിൽ പ്രാർഥനകളോടെ അസ്ഥികൾ നിമജ്ജനം ചെയ്തശേഷം നവാമുകുന്ദ ക്ഷേത്രക്കടവിൽ ബ്രഹ്മദത്തനുവേണ്ടി ബലിതർപ്പണവും നടത്തി. കുടുംബത്തിലെ മുതിർന്ന അംഗമായ സുരേഷാണ് കർമങ്ങൾക്ക് നേതൃത്വം നൽകിയത്. അസ്ഥി നിമജ്ജനത്തിന് സി. രാധാകൃഷ്ണനും ബലിതർപ്പണത്തിന് ശ്രീവത്സൻ വാരിയരും കാർമികത്വം വഹിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. പരമേശ്വരൻ നേതൃത്വം നൽകി.
.സഹോദരങ്ങളായ സതീശ്, മനോജ്, രാജേഷ് എന്നിവരും മറ്റു കുടുംബാംഗങ്ങളായ അനന്തകൃഷ്ണൻ, ആദിത്യൻ, ഷീജ സുരേഷ്, ശ്രീജ സതീശ്, സേതു രാജേഷ് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. ബ്രഹ്മദത്തനെ പരിചരിച്ചിരുന്ന പാപ്പാന്മാരായ ശരത് (മൂവാറ്റുപുഴ), വിശാൽ (കൊച്ചി), അമൽ (തൊടുപുഴ), ലോറി ഡ്രൈവർ ബൈജു എന്നിവരും പ്രാർഥനകളോടെ ഒപ്പമുണ്ടായിരുന്നു.
അന്ത്യകർമങ്ങളുടെ അവസാന ഘട്ടത്തിൽ എള്ളും പൂവും സമർപ്പിച്ച് പ്രാർഥിക്കുമ്പോഴും കുടുംബാംഗങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ജീവിച്ചിരുന്നപ്പോൾ നൽകിയ സ്നേഹവും പരിചരണവും മരണശേഷവും തുടരുന്ന അപൂർവമായ ഈ യാത്രയയപ്പ്, മനുഷ്യനും ആനയും തമ്മിലുള്ള ആഴമേറിയ ആത്മബന്ധത്തിന്റെ നേർക്കാഴ്ചയായി.
.





0 Comments