Latest News
Loading...

ആഷാമേനോന് എം.പി. പോൾ പുരസ്‌കാരം; സമർപ്പണവും പുസ്തക പ്രകാശനവും ജൂലൈ 18-ന് കോട്ടയത്ത്




സാഹിതീസഖ്യം ട്രസ്റ്റ് ഏർപ്പെടുത്തിയ 2026-ലെ എം.പി. പോൾ പുരസ്‌കാരം പ്രശസ്ത സാഹിത്യ വിമർശക ആഷാമേനോന് സമർപ്പിക്കുന്നു. ജൂലൈ 18 ശനിയാഴ്ച രാവിലെ 9.30-ന് കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിൽ (ദർശന ഓഡിറ്റോറിയം) വെച്ചാണ് പുരസ്‌കാര സമർപ്പണ സമ്മേളനവും ആഷാമേനോന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും നടക്കുക.

സാഹിതീസഖ്യം പ്രസിഡന്റ് ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഫാ. തോമസ് പുതുശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തും. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം എം.പി. പോൾ അനുസ്മരണ പ്രഭാഷണവും അവാർഡ് സമർപ്പണവും നിർവഹിക്കും.




ചടങ്ങിൽ ആഷാമേനോൻ രചിച്ച 'ശമപ്പൊരുൾ' എന്ന പുതിയ ഗ്രന്ഥത്തിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരി ശ്രീമതി കെ.ആർ. മീര നിർവഹിക്കും. ഡോ. ജോജി മാടപ്പാട്ട് പുസ്തകം ഏറ്റുവാങ്ങും. ശ്രീമതി വി. ഗീത 'ശമപ്പൊരുൾ' എന്ന പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. തുടർന്ന് പുരസ്‌കാര ജേതാവ് ശ്രീ. ആഷാമേനോൻ മറുമൊഴി മുൻനിർത്തി സംസാരിക്കുന്നതാണ്. ആഷാമേനോനെക്കുറിച്ച് വി. ഗീത രചിച്ച സമഗ്രപഠന ഗ്രന്ഥമായ 'വൃശ്ചികപ്പൊരുൾ - ആഷാമേനോന്റെ ഭാവാന്തരങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയും നടക്കും. ചർച്ചയിൽ ശ്രീ. കെ.ബി. പ്രസന്നകുമാർ, ഡോ. തോമസ് സ്കറിയ എന്നിവർ സംസാരിക്കും.



ചടങ്ങിൽ ഡോ. ജോസ് കെ. മാനുവൽ സ്വാഗതവും ശ്രീമതി ജെന്നി ആൻഡ്രൂസ് ആഷാമേനോന് ആമുഖവും നൽകും. പ്രൊഫ. മെൽബി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തും. മലയാളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ഈ സാഹിത്യ സമ്മേളനത്തിലേക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

   





Post a Comment

0 Comments