വായ്പയെടുത്ത് വാങ്ങിയ മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ തിരിച്ചടവ് മുടങ്ങിയാല്‍, വായ്പ നല്‍കിയ ധനകാര്യസ്ഥാപനങ്ങള്‍ക്ക് അവ ഭാഗികമായി 'ലോക്ക്' ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കും. ഫോണില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളിലൂടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഫോണ്‍ ലോക്ക് ചെയ്യാന്‍ വായ്പാ കരാറില്‍ ഉപഭോക്താവിന്റെ സമ്മതം വാങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ.
ഇതുസംബന്ധിച്ച് കരടുചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു.
നിലവില്‍ പല വായ്പാ സ്ഥാപനങ്ങളും ഇത്തരത്തില്‍ ലോക്ക് ചെയ്യാറുണ്ടെങ്കിലും കൃത്യമായ ചട്ടമുണ്ടായിരുന്നില്ല. വായ്പ തിരിച്ചുപിടിക്കുന്നതിനായി ഫോണുകള്‍ ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെയും സ്വകാര്യതയെയും ബാധിച്ചേക്കുമെന്ന ആശങ്കകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഫോണിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരിക്കില്ല.
വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഉപകരണങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. മൊബൈല്‍ ഫോണ്‍ വായ്പകള്‍ കുടിശികയായി 60 ദിവസം കഴിഞ്ഞാല്‍ ധനകാര്യ സ്ഥാപനം നോട്ടിസ് നല്‍കണം. തുടര്‍ന്ന് 21 ദിവസം തിരിച്ചടവിന് അനുവദിക്കണം. എന്നിട്ടും പണമടച്ചില്ലെങ്കില്‍ ഒരാഴ്ച കൂടി സമയം അനുവദിച്ച് രണ്ടാമത്തെ നോട്ടിസും നല്‍കണം.
കുടിശിക തുക തിരിച്ചടച്ച് ഒരു മണിക്കൂറിനുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ വായ്പാ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. ലോക്ക് ചെയ്ത ഫോണുകളിലെ വ്യക്തിഗത വിവരങ്ങള്‍ ധനകാര്യസ്ഥാപനങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. വായ്പ തിരിച്ചടച്ചാലുടന്‍ ഫോണ്‍ ലോക്ക് ചെയ്യാനുള്ള ആപ്പുകള്‍ നീക്കം ചെയ്തിരിക്കണം. ലോണ്‍ മുന്‍കൂറായി അടച്ചുതീര്‍ക്കാനും വായ്പയെടുത്ത വ്യക്തിക്ക് അവകാശമുണ്ടായിരിക്കും. ഫോണ്‍ ലോക്കിങ്ങുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനും സംവിധാനം വേണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments