Latest News
Loading...

കേബിള്‍ ഇടാന്‍ കുഴിച്ചു. പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി



കെഎസ്ഇബിയുടെ കേബിള്‍വര്‍ക്കിനെ തുടര്‍ന്ന് വേനല്‍ക്കാലത്ത് നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുട്ടിയതായി പരാതി. പാലാ മുണ്ടുപാലം ഏഴാച്ചേരി റോഡിലാണ് ട്രഞ്ച് നിര്‍മിച്ച് അണ്ടര്‍ഗ്രൗണ്ട് കേബിളുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നത്. ഇതിനായി കുഴിച്ചപ്പോള്‍ പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും കേബിളുകള്‍ പൊട്ടിത്തകര്‍ന്നു. എന്നാല്‍ ഇവ നന്നാക്കാതെ മണ്ണിട്ട് മൂടിയതായും ആക്ഷേപമുണ്ട്. വേനല്‍ക്കാലത്ത് റോഡിലേയ്ക്ക് വാരിയിട്ട മണ്ണില്‍ വാഹനങ്ങള്‍ കയറിയുന്നതോടെ പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്. 



നിരവധി കുടുംബങ്ങളില്‍ വെള്ളം നല്കിവരുന്ന തെരുവംകുന്ന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതാണ് പ്രദേശവാസികള്‍ക്ക് ദുരിതമായത്. മുണ്ടുപാലത്തെ സബ് സ്റ്റേഷനില്‍ നിന്നും കൊല്ലപ്പള്ളിയിലേയ്ക്ക് കേബിള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. കേന്ദപദ്ധതി വഴി മറ്റൊരു ഏജന്‍സിയാണ് കേബിള്‍ സ്ഥാപിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ കുഴിയെടുത്തതാണ് പൈപ്പുകള്‍ പൊട്ടാന്‍ ഇടയാക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്വന്തമായി കിണര്‍ ഉള്ളവര്‍ക്ക് മാത്രമാണ് പ്രശ്‌നമില്ലാത്തത്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചിരുന്നവര്‍ സമീപവാസികളുടെ കിണറുകളും ടാങ്കര്‍വെള്ളത്തെയുമാണ് ആശ്രയിക്കുന്നത്. നാല് ദിവസമായി വെള്ളം ലഭിക്കാതായിട്ടെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 



തങ്ങളുടെ പദ്ധതിയല്ല എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് കെഎസ്ഇബി. ഇത് ഏത് പദ്ധതിയാണ് എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അധികൃതര്‍ കൃത്യമായി മറുപടി നല്കുന്നില്ല. ആരോട് പരാതി പറയണം എന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാര്‍. ഉടന്‍തന്നെ പൈപ്പ് ശരിയാക്കും എന്ന് പറഞ്ഞെങ്കിലും നടപടിമാത്രം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. റോഡിലാകെ പൊടിപടലവും നിറയുകയാണ്. ടിപ്പറും ബസും അടക്കം വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ പ്രദേശമാകെ പൊടി നിറയുകയാണ്. മഴ പെയ്ത് റോഡില്‍ പരന്ന മണ്ണ് ഒലിച്ചുപോയാല്‍ മാത്രമെ ഈ പ്രശ്‌നത്തിനും പരിഹാരമാവൂ.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments