ബൈബിൾ സൊസൈറ്റി കേരള ഓക്‌സിലിയറിയുടെ സപ്‌തതി ജൂബിലിയുടെ ഭാഗമായുള്ള സ്‌തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു. ഓക്‌സിലിയറി പ്രസിഡൻറ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ഓർത്തഡോക്‌സ് സുറിയാനി സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം നിർവഹിച്ചു. "പരിപാലനം ഇല്ലാത്തിടത്തു ജനം അധോഗതി പ്രാപിക്കുന്നു" എന്ന തിരുവചനം ആധാരമാക്കി, ഈ ലോകത്തിന്റെ അന്ധകാര അവസ്ഥകളായ മനുഷ്യന്റെ ഭയം, അധീശത്വ പ്രവണത, അരക്ഷിത ബോധം എന്നിവ നീക്കുവാൻ ദൈവ വചനത്തിനു ശക്തിയുണ്ടെന്നും; ദിവ്യ പ്രകാശം ലോകത്തിൽ എങ്ങും പരത്തുവാൻ സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ബാവാ തിരുമേനി ഉദ്ഘാടന സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
ഇടയ സംഗമത്തിൽ കേരളത്തിലെ ബൈബിൾ സൊസൈറ്റിയുടെ ഏഴ് ദശാബ്‌ദ കാലത്തെ പ്രവർത്തനങ്ങളെ നന്ദിയോടെ സ്‌മരിക്കുകയും, മുന്നോട്ടുള്ള കാലോചിതമായ നവീന ഉദ്യമങ്ങൾക്കു എല്ലാ സഭകളും സഭാതലവന്മാരും പ്രോത്സാഹനവും പിന്തുണയും ഉറപ്പുനൽകി. അഭി. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ (മാർത്തോമ്മാ സഭ), അഭി. ഡോ. മലയിൽ സാബു കോശി ചെറിയാൻ (സി എസ് ഐ), അഭി. ഡോ. ഏബ്രഹാം ചാക്കോ (സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ), അഭി. മോറാൻ മോർ സാമുവേൽ തെയോഫിലസ് മെത്രാപ്പോലീത്താ (ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്), അഭി. ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ (യാക്കോബായ സഭ), അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ (ഓർത്തഡോക്‌സ് സഭ), പാസ്റ്റർ ഡോ. സന്തോഷ് ജോൺ (അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ), ശ്രീമതി സ്റ്റാർലാ ലൂക്ക് (ഐപിസി), ലെഫ്റ്റ്. കേണൽ ജേക്കബ് ജോൺ ജോസഫ് (സാൽവേഷൻ ആർമി - ISWT), പാസ്റ്റർ സജി ഏബ്രഹാം (ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ), അഭി. സിറിൽ മാർ ബസേലിയോസ് I മെത്രാപ്പോലീത്താ (മലബാർ സ്വതത്ര തൊഴിയൂർ സഭ), അഭി. കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ (ക്‌നാനായ സഭ), അഭി. ഡോ. ഓസ്റ്റിൻ എം. എ. പോൾ (സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ), അഭി. ഡോ. സെൽവദാസ് പ്രമോദ് (ബൈബിൾ ഫെയ്ത്ത് മിഷൻ), റവ. എബി റ്റി. മാമ്മൻ (മാർത്തോമ്മാ സഭാ സെക്രട്ടറി), വെരി റവ. മാത്യു ജോൺ (മാർത്തോമ്മാ സഭാ സീനിയർ വികാരി ജനറൽ),
പാസ്റ്റർ ജോമോൻ ജോസഫ് (ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ), ഷെവ. ഡോ. കോശി എം. ജോർജ്ജ് (ഓക്‌സിലിയറി കമ്മിറ്റി അംഗം), റവ. ജേക്കബ് ആൻ്റണി കൂടത്തിങ്കൽ (ഓക്‌സിലിയറി സെക്രട്ടറി), ഡോ. സാബു റ്റി. തോമസ് (ഓക്‌സിലിയറി ട്രഷറാർ) എന്നിവർ പ്രസംഗിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എപ്പിസ്കോപ്പൽ, നോൺ - എപ്പിസ്കോപ്പൽ 18 സഭാ വിഭാഗത്തിലുള്ള വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും, പ്രതിനിധികളും, ഓക്‌സിലിയറി കമ്മിറ്റി അംഗങ്ങളും, ഓക്‌സിലിയറി സ്റ്റാഫ് അംഗങ്ങളും, മുൻ ഓക്‌സിലിയറി സെക്രട്ടറിമാരും സ്‌തോത്രാർപ്പണ സമ്മേളനത്തിൽ പങ്കുചേർന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments