ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ബജറ്റിൽ പോലും ഉൾക്കൊള്ളിക്കാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പ്രഹസന പരിപാടികൾ പൂഞ്ഞാർ എം എൽ എ അവസാനിപ്പിക്കണമെന്ന് യു ഡി എഫ് നേതൃയോഗം പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ടെൻഡർ നടപടികൾ പോലും ആരംഭിക്കാത്ത പദ്ധതികളിലാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എം എൽ എ ഉദ്ഘാടന മാമാങ്കം നടത്തുന്നത്.
ഇലക്ഷൻ പ്രകടനപത്രിയിൽ പറഞ്ഞിരിക്കുന്ന ഈരാറ്റുപേട്ട കേന്ദ്രമായ പൂഞ്ഞാർ താലൂക്ക്, ട്രാഫിക് പോലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി തുടങ്ങിയ കാര്യങ്ങളിൽ എംഎൽഎ നിഷ്ക്രിയത്വം പാലിക്കുകയാണ്. മൂന്നുമാസം മുമ്പ് ഈരാറ്റുപേട്ടയിൽ എംഎൽഎ നടത്തിയ വ്യവസായ സംരംഭക മേളയിൽ 2500 കോടി രൂപയുടെ ബിസിനസ് പദ്ധതികൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 250 രൂപയുടെ പദ്ധതികൾ പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ അഞ്ച് ബജറ്റിലും വകയിരുത്തിയ പദ്ധതികൾ ഇതുവരെയും വെളിച്ചം കാണാതെ പോയതിൽ എംഎൽഎ ജനങ്ങളോട് മറുപടി പറയണം. അമൃത ജലജീവൻ പദ്ധതിയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ പൈപ്പുകൾ വാങ്ങിക്കൂട്ടുകയും, റോഡുകൾ വെട്ടി പൊളിച്ച് ജനജീവിതം ദുസ്സഹമാക്കിയ എംഎൽഎ വികസനത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന്റെ 60% വിഹിതവും സംസ്ഥാന - പ്രാദേശിക സർക്കാരുകളുടെ 40% വിഹിതതവും ഉൾപ്പെട്ട പദ്ധതി എംഎൽഎയുടെ സ്വന്തം പദ്ധതിയായി മാറ്റുന്നതിന് വേണ്ടിയുള്ള ഉദ്ഘാടനം കോലാഹലങ്ങളും ജനങ്ങൾ കണ്ടതാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മലയോര മേഖലകളിലേക്കുള്ള നിരവധി ബസ് സർവീസുകൾ കെഎസ്ആർടിസി റദാക്കി. വർഷം തോറും എല്ലാ എംഎൽഎമാർക്കും ലഭിക്കുന്ന പ്രാദേശിക വികസന ഫണ്ട് അല്ലാതെ മറ്റ് യാതൊരു പദ്ധതികളും പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ പൊതു വികസനത്തിനായി വിനിയോഗിച്ചിട്ടില്ല.
എംഎൽഎയുടെ ഇലക്ഷൻ മുൻപിൽ കണ്ടുള്ള ഉദ്ഘാടന പ്രഹസനവും, വികസന സന്ദേശ യാത്രയും ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് യു ഡി എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു . പത്രസമ്മേളനത്തിൽ ചെയർമാൻ മജു പുളിക്കൻ, അഡ്വ. ജോമോൻ ഐക്കര, അഡ്വ. മുഹമ്മദ് ഇല്യാസ്, അഡ്വ. കെ സതീഷ് കുമാർ, മാഹിൻ കെ എ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments