Latest News
Loading...

പാലായില്‍ മല്‍സരചിത്രം തെളിഞ്ഞു. ജോസ്, കാപ്പന്‍,ഷോണ്‍



പാലായില്‍ മല്‍സരചിത്രം തെളിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ത്രികോണ മല്‍സരം. സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍  ജോസ് കെ മാണിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജും മല്‍സരിക്കും. ഇവര്‍ മൂവരുമാകും മല്‍സരരംഗത്ത് എത്തുകയെന്ന് നേരത്തെ തന്നെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. മികച്ച വിജയപ്രതീക്ഷയുമായാണ് മാണി സി കാപ്പന്‍ വീണ്ടും ജനവിധി തേടുന്നത്. പാലായില്‍ വികസനം ഉണ്ടായിട്ടില്ലെന്ന വാദത്തെ ഗ്രാമീണ മേഖലകളില്‍ നടത്തിയ വികസന പട്ടിക നിരത്തിയാണ് കാപ്പന്‍ നേരിടുന്നത്. നിരവധി വികസന പദ്ധതികള്‍ക്കും ജോസ് കെ മാണി തുരങ്കം വച്ചെന്ന ആക്ഷേപവും കാപ്പന്‍ കാലങ്ങളായി ഉയര്‍ത്തുന്നു. ഇതെല്ലാം വിലയിരുത്തി ജനം തന്നെ പിന്തുണയ്ക്കുമെന്നാണ് മാണി സി കാപ്പന്റെ പ്രതീക്ഷ. 





കഴിഞ്ഞ 5 വര്‍ഷം വികസന മുരടിപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് മല്‍സരരംഗത്തുള്ളത്. കഴിഞ്ഞ തവണ കൈവിട്ടുപോയ വിജയം തിരികെ പിടിക്കാനുള്ള നീക്കമാണ് കേരള കോണ്‍ഗ്രസിനുള്ളത്. പാര്‍ട്ടി ചെയര്‍മാനെ എംഎല്‍എ പദത്തിലെത്തിക്കാനുള്ള അക്ഷീണപരിശ്രമമാണ് അണികള്‍ക്ക് ഇത്തവണയുള്ളത്. സ്വന്തം തട്ടകത്തില്‍ ഇത്തവണ കൂടി പരാജയപ്പെട്ടാല്‍ അതിന്റെ ആഘാതം വലുതാണെന്ന തിരിച്ചറിവും പാര്‍ട്ടിയ്ക്കുണ്ട്. റോഷി അഗസ്റ്റിന്റെ മുന്‍കൂട്ടിയുള്ള പ്രഖ്യാപനവും മറ്റ് വിവാദങ്ങളും മാറ്റിനിര്‍ത്തി എംപി സ്ഥാനം ഉപയോഗിച്ചും സര്‍ക്കാരിലുള്ള സ്വാധീനമുപയോഗിച്ചും നടത്തിയ വികസനം ജോസ് കെ മാണി വരച്ചുകാട്ടുന്നു. 



മാറിയ സാഹചര്യത്തില്‍ ബിജെപിയ്ക്ക് ലഭിച്ച പിന്തുണയിലൂടെ പാലാ പിടിച്ചടക്കാനാണ് എന്‍ഡിഎ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച മുന്നേറ്റം നടത്തിയതും മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവദി പേര്‍ എന്‍ഡിഎയുടെ ഭാഗമായതും വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയായി ഷോണ്‍ ജോര്‍ജ്ജ് കാണുന്നു. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് മണ്ഡലത്തിലെ ചുവരുകള്‍ ബുക്ക് ചെയ്ത് പ്രാചരണരംഗത്ത് ബിജെപി മുന്നിലെത്തിയിരുന്നു. മല്‍സര സാധ്യത തെളിഞ്ഞതോടെ 2 മാസമായി പാലായില്‍ കേന്ദ്രീകരിച്ച് ഷോണ്‍ ജോര്‍ജ്ജും സജീവമായിരുന്നു. 

ശക്തരായ 3 സ്ഥാനാര്‍ത്ഥികളും പ്രചാരണച്ചൂടിലേയ്ക്ക് ഇറങ്ങുമ്പോള്‍ പാലായില്‍ എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. എന്‍ഡിഎ നേടുന്ന വോട്ടുകള്‍ നിര്‍ണായകമാവുന്ന തെരഞ്ഞെടുപ്പില്‍ മൂന്നിലാര് എന്നറിയാന്‍ കാത്തിരിക്കേണ്ടിവരും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments