കൊച്ചി : ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത്,വനം വന്യജീവി നിയമഭേദഗതി, യുവജന പാലായനം എന്നീ വിഷയങ്ങളിൽ നിലപാട് പരസ്യമായി പറയാൻ വോട്ട് ചോദിക്കുന്ന മൂന്ന് മുന്നണികളും തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി.
മലയോര മേഖലയ്ക്ക് വേണ്ടി കൃത്യമായ വികസന നയം മുന്നോട്ട് വയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആകുന്നില്ല.വനം ഇല്ലാത്ത ആലപ്പുഴ ജില്ലയിൽ വരെ കാട്ടുപോത്ത് ഇറങ്ങുന്ന സാഹചര്യം കേരളത്തിൽ നിലനിൽക്കുമ്പോൾ നാട്ടിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കാനും, ദേശീയ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുന്നതിന് നിലപാട് എടുക്കുവാനും മുന്നണികൾ തയ്യാറാകണം.ഒപ്പം കേരളത്തിലെ യുവജനങ്ങളെ ഇവിടെ പിടിച്ചു നിർത്താൻ പര്യാപ്തമായ പദ്ധതികൾ പ്രഖ്യാപിക്കാനും മുന്നണികൾ തയ്യാറാകണം എന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ നിലപാട് പ്രഖ്യാപിക്കണം.
തിരഞ്ഞെടുപ്പ് ആകുമ്പോൾ വലിയ വാഗ്ദാനങ്ങൾ അവതരിപ്പിക്കുകയും,ആരോപണ പ്രത്യാരോപണ കോലാഹലങ്ങൾ ഉണ്ടാക്കി ജനകീയ വിഷയങ്ങൾ മറയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലി മാറണം.എല്ലാത്തരം വർഗ്ഗീയതയെയും ഒരു പോലെ കാണുകയും എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ ഇല്ലാതായി വരുന്നു എന്നത് കേരളത്തിന്റെ പ്രതിഛായയ്ക്ക് കളങ്കം ഏൽപ്പിക്കുന്നതാണെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.മാർച്ച് 13,14 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ജന്മവാർഷിക യോഗത്തിലും അന്തർദ്ദേശിയ സമ്മേളനത്തിലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മാർച്ച് 14 ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന സമുദായ ശക്തീകരണ സംഗമത്തിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമതി അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments