കാനറാ ബാങ്കിന്റെ പൈക ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു. പൈക ഇടമറ്റം കവലയ്ക്ക് സമീപം പാലക്കുടിയിൽ ആർക്കെഡിൽ ബ്രാഞ്ചിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. പൈകയിലെ വ്യാപാര സമൂഹത്തിനും പൊതുസമൂഹത്തിനും ബാങ്കിന്റെ പ്രവർത്തനം ഗുണകരമാകുമെന്ന് പ്രത്യാശിക്കുന്നതായി എംഎൽഎ പറഞ്ഞു.
കോട്ടയം റീജിയണൽ ഓഫീസ് അസിസ്റ്റന്റ് ജനറൽ മാനേജർ അജയ് പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. അടുത്തയിടെ ആരംഭിച്ച എല്ലാ ബ്രാഞ്ചുകളിലും 15 കോടിയിലധികം രൂപയുടെ ബിസിനസ് നടന്നതായും അത് ജനങ്ങൾക്ക് ബാങ്കിലുള്ള വിശ്വാസത്തെയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിനോട് സമൂഹം കാണിക്കുന്ന താൽപര്യം പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരണ നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വ്യക്തിക്കും അനുസൃതമായ അക്കൗണ്ടുകൾ കാനറാ ബാങ്ക് നൽകുന്നുണ്ട്. ലയ നത്തിനുശേഷം 12 ലക്ഷം കോടി രൂപയുടെ ബിസിനസ് നടന്നിട്ടുണ്ട്. ഇത് ജനങ്ങളുടെ ബാങ്കിലുള്ള വിശ്വാസത്തിന്റെ ബാക്കി പത്രമാണെന്നും അജയ് പ്രകാശ് പറഞ്ഞു.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുന്നൂസ് പോൾ, പൈക സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ മാത്യു വാഴക്കാ പാറയിൽ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ശ്രീലത കെ ബി, വൈഗ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോണി കുന്നപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. കോട്ടയം റീജിയണൽ ഓഫീസ് ഡിവിഷണൽ മാനേജർ രഞ്ജിനി എസ് സ്വാഗതവും പൈക ബ്രാഞ്ച് മാനേജർ ടിനു ചാക്കോ നന്ദിയും പറഞ്ഞു.
ഒന്നരവർഷത്തിനുള്ളിൽ കാനറാ ബാങ്ക് ആരംഭിക്കുന്ന പതിനൊന്നാമത്തെ ശാഖയാണ് പൈകയിലേത്. കോട്ടയം ഇടുക്കി ജില്ലകൾ ഉൾപ്പെടുന്നതാണ് കോട്ടയം റീജിയൺ. കഴിഞ്ഞ ആഴ്ചയാണ് മുട്ടം ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്. ഡിസംബറിൽ ഏലപ്പാറ ബ്രാഞ്ച് പ്രവർത്തനമാരംഭിക്കും. കോട്ടയം ജില്ലയിൽ മണിമല, കല്ലറ, കൊല്ലപ്പള്ളി ബ്രാഞ്ചുകൾ അടുത്തിടെയാണ് തുറന്നത്.
120 വർഷത്തെ പാരമ്പര്യമുള്ള കാനറാ ബാങ്ക് രാജ്യത്തെ മൂന്നാമത്തെ പ്രമുഖ ബാങ്കിംഗ് ധനകാര്യ സ്ഥാപനമാണ്. ആദ്യത്തെ 9 പ്രമുഖ ബാങ്കുകളുടെ കണക്കിൽ കാനറാ ബാങ്ക് ഒന്നാം സ്ഥാനത്താണ്. 27 ലക്ഷം കോടി രൂപയുടെ ബിസിനസും 10000 ത്തോളം ബ്രാഞ്ചുകളും ഉണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments